athirayum-amma-ambiliyum

കല്ലമ്പലം: ദുരന്തങ്ങളും ദുരിതങ്ങളും ഒന്നിന് പിറകെ ഒന്നായി പിന്തുടരുന്നതിന്റെ ഞെട്ടലിലാണ് തട്ടത്തുമല മണലേറ്റുപച്ച ആതിരാ ഭവനിൽ അമ്പിളിയും കുടുംബവും. കൂലിപ്പണിക്കാരനായ ഭർത്താവ്‌ വേണു ഏഴു വർഷം മുൻപ് ഹൃദയാഘാതം മൂലം മരിച്ചപ്പോൾ കുടുംബഭാരം തോളിലേറ്റിയ അമ്പിളി (43) യെ വിധി വെറുതേ വിട്ടില്ല. അമ്മയുടെ കഷ്ടപ്പാടിന് ഒരു കൈ സഹായമാകുമെന്ന് കരുതി കെട്ടിടപ്പണിക്കും മറ്റും സഹായിയായി പോയിരുന്ന മകൻ വിഷ്ണു (23) ജോലിക്കിടയിൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് ഒടിവും ചതവുമായി ആശുപത്രിയിലായി. ആറു മാസത്തോളം ചികിത്സ നടത്തിയെങ്കിലും പഴയതുപോലെ ജോലി ചെയ്യാനുള്ള ആരോഗ്യമില്ലതായി. ഇതിനിടയിൽ അമ്പിളിയും രോഗബാധിതയായി. രക്തത്തിൽ ഹീമോഗ്ലോബിന്റെ കുറവും കൂടാതെ അടിയ്ക്കടി രക്ത സമ്മർദ്ദം കുറയുകയും ചെയ്യും. നാല് സെന്റ്‌ ഭൂമിയിലുണ്ടായിരുന്ന കൊച്ചുവീട് മൂന്നു വർഷത്തിന് മുൻപുണ്ടായ കാല വർഷക്കെടുതിയിൽ തകർന്നു വീണു.

തുടർന്ന് പാപ്പാല ആനപ്പാറ പറകോണത്ത് വാടക വീട്ടിലേക്ക് താമസം മാറ്റി. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഒരുവിധം കഴിഞ്ഞുപോകവേ കഴിഞ്ഞ ജൂണിൽ തന്റെ അരുമ മകൾ ആതിര (19) യുടെ രണ്ടു വൃക്കകളും തകരാറിലാണെന്ന സത്യം കൂടി ഡോക്ടറിൽ നിന്നും അമ്പിളി മനസിലാക്കി. ഇപ്പോൾ ആഴ്ചയിൽ മൂന്നു തവണ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് കൊണ്ടുപോകുകയാണ്. ഒരുതവണ പോയി വരുമ്പോൾ 1500 രൂപ ചെലവാകും. പുറമേ നിന്നെടുക്കേണ്ട മരുന്നുകളുടെ ചെലവ് വേറെയും. മകളുടെ ജീവൻ നിലനിൽക്കണമെങ്കിൽ അടിയന്തരമായി ഒരു വൃക്കയെങ്കിലും മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. അസുഖങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ളതിനാൽ അമ്പിളിയുടെയോ മകന്റെയോ വൃക്ക മാറ്റിവയ്ക്കാൻ ആകില്ലെന്നും ഡോക്ടർമാർ പറയുന്നു. വൃക്ക നൽകാൻ മറ്റാരെങ്കിലും തയ്യാറായാൽ തന്നെ ഭീമമായ തുക വേണ്ടിവരും ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കും. വിധിയുടെ ബലിയാടുകളായ ഈ കുടുംബം സുമനസുകളുടെ സഹായം തേടുന്നു. ആതിരയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കിളിമാനൂർ ശാഖയിൽ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്. ആതിര അമ്പിളി അക്കൗണ്ട് നമ്പർ: 0666053000002553, IFSC : SIBL0000666. ഫോൺ: 8086261398.