തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കേരള സർവകലാശാലയിൽ ഇന്നലെ നടത്തിയ സ്‌പോട്ട് അഡ്മിഷൻ, വിദ്യാർത്ഥികളും രക്ഷിതാക്കളും തടിച്ചു കൂടിയതോടെ പാതിവഴിയിൽ ഉപേക്ഷിച്ചു.
തിരുവനന്തപുരം മേഖലയിലെ കോളേജുകളിൽ ബിരുദ കോഴ്സുകൾക്കുള്ള സ്പോട്ട് അഡ്മിഷൻ രാവിലെ 8 മുതലാണ് സെനറ്റ് ഹാളിൽ ആരംഭിച്ചത്.കേരളത്തിലെമ്പാടും നിന്ന് കുട്ടികളും രക്ഷിതാക്കളുമടക്കം ആയിരക്കണക്കിന് പേരെത്തിയതോടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറന്നു. സെനറ്റ് ഹാൾ തിങ്ങിനിറഞ്ഞ് സർവകലാശാല ഓഫീസ് പരിസരത്തും കൂട്ടംകൂടി. അഡ്മിഷനെത്തിയവരുടെ വാഹനങ്ങൾ മുൻഭാഗത്തെ റോഡിൽ നിറുത്തിയിട്ടതോടെ,പാളയം, ജനറൽ ഹോസ്പിറ്റൽ ഭാഗങ്ങളിലേക്കുള്ള ഗതാഗതം മണിക്കൂറുകൾ സ്‌തംഭിച്ചു.
ബി.എ, ബി.എസ്.സി, ബി.കോം കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന് പട്ടിക വിഭാഗങ്ങൾ ഒഴികെയുള്ളവരെ ഒരേ ദിവസം വിളിച്ചതാണ് പ്രശ്നമായത്. ബി.കോംകാരുടെ അഡ്മിഷൻ പകുതിയായതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇതോടെ, ബി.എസ് സിക്കാരുടെ അഡ്മിഷൻ വൈകിട്ട് 3 ലേക്ക് മാറ്റി. എന്നാൽ, വിവിധ ജില്ലകളിൽ നിന്നെത്തിയവരടക്കം തിരിച്ചു പോകാതെ കാത്തുനിന്നു . വീണ്ടും ആളെത്തിയതോടെ തിരക്ക് വർദ്ധിച്ചു. തുടർന്ന്,ജില്ല കളക്ടർ വൈസ് ചാൻസലറുമായി സംസാരിച്ച ശേഷം സ്പോട്ട് അഡ്മിഷൻ നിറുത്തിവയ്‌ക്കുകയായിരുന്നു.
പുതിയ തീയതി പിന്നീടറിയിക്കും
ജനറൽ കാറ്റഗറിക്കാരുടെ അഡ്മിഷനായതു കൊണ്ടാണ് തിരക്കെന്നും കൊല്ലം, പത്തനംതിട്ട ജില്ലകൾക്കായി അടുത്ത ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.
അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ മറ്റൊരു തീയതിയോ, കോളേജുകളിലോ നടത്തുന്ന കാര്യം അറിയിക്കും .