കടയ്ക്കാവൂർ: കടയ്ക്കാവൂർ -ചിറയിൻകീഴ് റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലമേറെയായി. റോഡിന്റെ പലഭാഗങ്ങളും കുണ്ടുംകുഴികളുമായി. ഇവിടെ ഇരുചക്രവാഹനങ്ങൾ തെന്നി വീണ് അപകടങ്ങൾ പതിവാണ്. പത്തിൽ പരം സർവീസ് ബസുകളും ലോഡ് കയറ്റിയ അനവധി വലിയവണ്ടികളും മറ്റു ചെറു വാഹനങ്ങളും കാൽനടക്കാരുമുൾപ്പെടെ വളരയധികം തിരക്കുള്ള റോഡാണിത്.
അത്യാസന്ന നിലയിലുള്ള രോഗികളെയും ഗർഭിണികളെയും കൊണ്ട് ഈ റോഡ് വഴിപോയാൽ അവർക്ക് അസുഖം കൂടുമെന്നാണ് ആംബുലൻസ് ഡ്രൈവർമാരുൾപ്പെടെ പറയുന്നത്.
പരാതികൾ അനവധിയായപ്പോൾ ടെൻഡർ വിളിച്ചു. കരാറുകാരൻ ജെ.സി.ബി കൊണ്ട് റോഡ് കുത്തിപ്പൊളിച്ച് പണി പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് മാസങ്ങൾ പലതായി. റോഡ് പണിക്ക് വേണ്ട മെറ്റിലും മറ്റും റോഡിൽ മലപോലെ തള്ളിയിരിക്കുന്നതിനാൽ ബുദ്ധിമുട്ടി വാഹനങ്ങൾ കൊണ്ട് പോകാനും പ്രയാസമായി മാറിയിരിക്കുന്നു ഈ മെറ്റിലിൽ തെന്നി വീണ് ഇരു ചക്രവാഹനയാത്രക്കാർക്ക് അപകടങ്ങളും പറ്റുന്നുണ്ട്.
റോഡിന്റെ ശോചനീയാവസ്ഥ കാണിച്ച് നാട്ടുകാരും വിവിധ സംഘടനകളും പല പരാതികളും അധികൃതർക്ക് നൽകിയെങ്കിലും യാതൊരു ഫലവും കാണാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരും റോഡ് ഉപരോധിച്ചിരുന്നു. ഇതിനെ തുടർന്ന് പണി ആരംഭിച്ചെങ്കിലും ഇനിയും പണി പാതിവഴിയിൽ ഉപേക്ഷിച്ചാൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നാണ് നാട്ടുകാർ പറയുന്നത്.
പൊടി ശല്യവും രൂക്ഷം
കൊത്തിയിളക്കിയിട്ടിരിക്കുന്ന റോഡിൽ കൂടി വാഹനങ്ങൾ പോകുമ്പോൾ പറന്നുയരുന്ന പൊടി ശല്യം മൂലം റോഡിനിരുവശവുമുളള കച്ചവടക്കാർക്കും താമസകാരും വളരയധികം ബുദ്ധിമുട്ടുകയാണ്.
റോഡ് നന്നാക്കണം
താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡായതിനാൽ നെടുങ്ങണ്ട, കായിക്കര, അഞ്ചുതെങ്ങ്, വക്കം, കവലയൂർ, മണനാക്ക്, നിലയ്ക്കാമുക്ക് , കടയ്ക്കാവൂർ തുടങ്ങിയ പ്രദേശക്കാർ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഉപയോഗിക്കുന്ന റോഡാണ്.