sujilal

തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണാർത്ഥം കലാനിധി ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ എസ്.പി.ബി കലാനിധി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അക്ഷരശ്രീ മാദ്ധ്യമ പുരസ്കാരത്തിന് കേരള കൗമുദി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ കെ.എസ് സുജിലാൽ അർഹനായി.

സുവർണ മുദ്ര പുരസ്‌കാരത്തിന് മന്ത്രി പി.തിലോത്തമൻ,​ സംഗീതരത്‌ന പുരസ്‌കാരത്തിന് പണ്ഡിറ്റ് രമേഷ് നാരായൺ,​ കർമശ്രേഷ്ഠ പുരസ്‌കാരത്തിന് ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് സാരഥി ഗോകുലം ഗോപാലൻ എന്നിവരെ തിരഞ്ഞെടുത്തു. സിനിമ എവർഗ്രീൻ പുരസ്കാരത്തിന് പി.വി ഗംഗാധരനും ​ മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മലയാള മനോരമയിലെ ജോണി ലൂക്കോസും അർഹരായി.

​ കർമ്മ ശ്രേഷ്ഠാ പുരസ്കാരം കെ.എസ്.ബി.സി മാനേജിംഗ് ഡയറക്ടർ പി.സ്പർജൻ കുമാറിന് സമ്മാനിക്കും. ഡോ.ആർ. ദിലീപ് കുമാ‌റിനെ മികച്ച സാമൂഹിക സംരംഭകനായും കലാപ്രതിഭയായി ആദർശ് പി ഹരീഷിനെയും ​ കലാതിലകമായി നിരഞ്ജന എസ് നായരെയും തിരഞ്ഞെടുത്തെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കവി പ്രഭാവർമ ചെയർമാനും പ്രൊഫ.അയിലം ഉണ്ണികൃഷ്ണൻ, ഡോ.എം.ആർ തമ്പാൻ, ചേർത്തല ഡോ.ഗോവിന്ദൻകുട്ടി എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

പുരസ്കാരങ്ങൾ 14ന് വൈകിട്ട് 5.30ന് ആറ്റുകാൽ ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ, പ്രൊഫ.അയിലം ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.