saara

വെഞ്ഞാറമൂട്: ഇടവഴികളും വയലും പുരയിടങ്ങളും പിന്നിട്ട് 'സാറ' ഓടിക്കയറിയപ്പോൾ ചുരുളഴിഞ്ഞത് ഒരു പാതിരാകൊലപാതകത്തിന്റെ കഥ. മണം പിടിച്ച് സാറ ഓടിയത് രണ്ടര കിലോ മീറ്റർ. ഓടിക്കയറിയത് മൈലാടുംമുകൾ രോഹിണി ഭവനത്തിൽ. പോത്തൻകോട് അയിരൂപ്പാറ രാധാകൃഷ്ണൻ കൊലചെയ്യപ്പെട്ട കേസിലെ പ്രതി അനിലിൻെറ വീട്. കൊലയ്ക്ക് പിന്നിൽ ആര് എന്ന പൊലീസിന്റെ സംശയത്തിന് സാറ ഉത്തരം കണ്ടെത്തിയപ്പോൾ വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിന് ഹാപ്പിയായി. അവർ സാറയ്ക്ക് ഒരു ബിഗ് സല്യൂട്ടടിച്ചു. കൊല നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച വെട്ടുകത്തിയുടെ മണം പിടിച്ചാണ് സാറ ഓടിയത്. ഡോഗ് സ്ക്വാഡിലെ സാറയുടെ പരിശീലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു ശങ്കറും ധനേഷ് ജി.എസും സാറയ്ക്ക് പിന്നാലെ ഓടി. രക്തക്കറ പുരണ്ട അനിലിന്റെ ലുങ്കി കട്ടിലിന്റെ അടിയിൽ നിന്ന് സാറ മണത്തെടുത്തു. ഷർട്ട് ഹാളിൽ നിന്നും കണ്ടെത്തി. കൊല നടത്തിയ സമയത്ത് അനിൽ ധരിച്ചിരുന്നതാണിതെന്ന് അതോടെ തെളിഞ്ഞു. ഇരുവസ്ത്രങ്ങളും കടിച്ചെടുത്ത് പുറത്ത് വന്ന് സാറ കുരച്ചു. പലവട്ടം. ആ കുര ഒരു കൊലപാതകത്തിന്റെ തെളിവ് വെളിപ്പെടുത്തുന്ന കുരയായി മാറുകയായിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന അനിലിനെ ഉടൻ പൊക്കി. വെഞ്ഞാറമുട് ഡോഗ് സ്ക്വാഡിലെ 309-ാം നമ്പർ ട്രാക്കറാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ സാറ. ഗോളിയാറിൽ നിന്നും വന്നതാണ്. സാറയുടെ കുടുംബം സുരക്ഷയുടെ കാവൽഭടൻമാരാണ്. അച്ഛന് പാർലമെന്റിലെ സുരക്ഷാ ചുമതല. അമ്മയ്ക്ക് കാശ്മീരിന്റെ ചുമതലയും. രണ്ട് സഹോദരങ്ങൾ കേരള പൊലീസിലെ അന്വേഷണപുലികളും. സാറാ വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെത്തിയിട്ട് ആദ്യമായി തെളിയിച്ച കേസാണിത്. സാറയുടെ മികച്ച സേവത്തിന് പൊലീസ് റിവാർഡിന് ശുപാർശ ചെയ്തു. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സുഹൃത്തുക്കളുടെ വെട്ടേറ്റ് രാധാകൃഷ്ണൻ കൊല്ലപ്പെട്ടത്. മദ്യപിച്ച് അയിരൂർപ്പാറ ജംഗ്ഷന് സമീപത്തെ കടത്തിണ്ണയിൽ കിടന്നുറങ്ങിയ രാധാകൃഷ്ണനെ മുൻവൈരാഗ്യത്തിന്റെ പേരിൽ സുഹൃത്തുക്കളായ അനിലും കുമാറും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.