കേരളത്തിൽ കാൻസർ രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. കാൻസർ സെന്ററുകളിൽ പോകുന്നതിനുള്ള യാത്രയും മറ്റ് ചെലവുകളും കാരണം പാവപ്പെട്ട രോഗികളിൽ പലരും ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. വിഷമയമായ ഭക്ഷണവും മലിനമായ ചുറ്റുപാടും തെറ്റായ ജീവിതശൈലിയും തുടങ്ങി മറ്റു കാരണങ്ങളാലും പ്രായഭേദമന്യേ ആർക്കും ഈ രോഗം പിടിപെടാം. നിർദ്ധനരായ രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യമാക്കണം. എല്ലാ ജില്ലകളിലും സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം ആർ.സി.സി മാതൃകയിൽ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങണം.
സുനിൽ എസ്.
വക്കം
കോടതി നടപടി പുനഃപരിശോധന അനിവാര്യം
"നീതി നീണ്ടുപോകാതിരിക്കാൻ"എന്ന കെ.ജയകുമാറിന്റെ ലേഖനം വളരെ പ്രസക്തമാണ്. കോടതികളും കാലത്തിനൊത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപടികൾ വേഗതയോടെ തീർക്കുന്നതിന് നീതിമാനായ ഐ.എ.എസു കാരന്റെ നിർദ്ദേശം സർക്കാരും ഹൈക്കോടതിയും പ്രഥമ പരിഗണന നൽകി പരിശോധിക്കുക തന്നെ വേണം. കോടതി നടപടികളെ സംബന്ധിച്ചു നിർദ്ദേശം മുന്നോട്ട് വക്കുന്നതിനു സാധാരണക്കാർക്കുള്ളിൽ ആഗ്രഹം ഉണ്ടെന്നാലും പറയുന്നതു കോടതിക്കു അപ്രിയകരമാകുമോ എന്ന ശങ്ക നിമിത്തം പറയാൻ ധൈര്യപ്പെടാത്ത അവസ്ഥയിൽ, ജയകുമാർ സാറിനെ പോലുള്ള നീതിമാന്മാരുടെ ഇത്തരം നിർദ്ദേശങ്ങളെയും കേരളകൗമുദിയെയും അഭിനന്ദിക്കുന്നു!
കെ.അശോകൻ (റിട്ട:എ.ടി.ഒ),
വക്കം.
സമുദായം തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണം
മനീഷികളായ ഭരണഘടനാ നിർമ്മാതാക്കൾ കണ്ടെത്തിയ ചേർത്തുപിടിക്കലാണ് സാമുദായിക സംവരണം. സമ്പത്ത് കുറഞ്ഞവന് സമ്പത്തുണ്ടാക്കാനുള്ള മാർഗമായി ഭരണഘടനയിൽ ചേർത്തതല്ല. അങ്ങനെ ദുർവ്യാഖ്യാനം ചെയ്ത് അയിത്തക്കാരോട് നീതികേടു ചെയ്യുന്നത് തികഞ്ഞ നെറികേടും വഞ്ചനയും ചതിയുമാണ്.
സർക്കാരിൽ സേവനം ചെയ്യുന്നവരുടെ സമുദായം തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന പ്രാഥമിക ബാദ്ധ്യത സർക്കാർ നിറവേറ്റിയില്ല. ജീവനക്കാരുടെ സാമുദായിക പ്രാതിനിദ്ധ്യം മുന്നാക്കരെയും പിന്നാക്കരെയും ബോദ്ധ്യപ്പെടുത്തി സർക്കാരിനു സംവരണ നയം തീരുമാനിക്കാൻ വിഷമമെന്താണ്?
സുകുമാർ അരിക്കുഴ
കല്ലമ്പിള്ളിൽ , തൊടുപുഴ