കൊവിഡ് മഹാമാരിയിൽ സാധാരണ ജനങ്ങളുടെ ജിവിതം വഴിമുട്ടി നിൽക്കുമ്പോൾ, അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർദ്ധനവിലൂടെ നിത്യോപയോഗ സാധനവില കുതിച്ചുകയറുന്നു. പട്ടിണിയും പരിവട്ടവുമായി പാവപ്പെട്ടവന്റെ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ അവരുടെ മേൽ പാചക വാതക വില വർദ്ധനയെന്ന വെള്ളിടി കൂടി ഏൽക്കേണ്ടി വരുന്നു. മാസങ്ങളായി സബ്സിഡി മുടങ്ങിക്കിടക്കുമ്പോഴാണ് അവർ വില വർദ്ധനയെന്ന നീരാളിപ്പിടുത്തത്തിന് ഇരയാകുന്നത്.
കെ.എ. മണിയൻ
കാവാലം
നഗര പ്രതാപം ഉയർത്തണം
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന പുതിയ നഗരസഭാ കൗൺസിൽ അനന്തപുരിയിലെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ പ്രൗഢിയിലേക്കും പ്രതാപത്തിലേക്കും എത്തിക്കണമെന്ന് അഭിപ്രായപ്പെടുന്നു. അതിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായി രാഷ്ട്രീയ ഭേദമന്യേ ചർച്ച ചെയ്ത് കാര്യങ്ങൾ നേടിയെടുക്കാൻ പുതിയ കൗൺസിൽ തയ്യാറാകണം.
ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളം പൊങ്ങി ജനങ്ങൾക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി അനുഭവപ്പെടുന്ന തമ്പാനൂരിലേയും കിഴക്കേകോട്ടയിലെയും സ്ഥിതി അടുത്ത മഴക്കാലത്തിന് മുമ്പ് പരിഹരിക്കണം. അതോടൊപ്പം നഗരത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തിനും അടിയന്തര പരിഹാരം ഉണ്ടാവണം.
പിരപ്പൻകോട് സുശീലൻ.
രസീത് നൽകുന്നില്ല
സർക്കാർ ഓഫീസുകളിലെ സേവനം അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാകുന്നത് സാധാരണക്കാർക്ക് ഉപകാരപ്രദമാണ്. എന്നാൽ സേവനത്തിന് ഫീസ് ഈടാക്കുമ്പോൾ രസീത് നൽകുന്നില്ല. രസീത് ആവശ്യപ്പെട്ടാൽ ഇല്ല എന്ന മറുപടിയാണ് ലഭ്യമാകുന്നത്. ഞാൻ തിരുവനന്തപുരം കുളത്തൂർ അക്ഷയ ഇ സെന്ററിൽ പോയി വസ്തു കരം ഒടുക്കി. എന്നാൽ അധികാരികൾ രസീത് നൽകിയില്ല. ആവർത്തിച്ച് ചോദിച്ചിട്ടും രസീത് ഇല്ല എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചത്. പണം അടച്ചാൽ രസീത് നൽകാത്തത് കുറ്റകരമല്ലേ.
സതീശൻ ഡി.
കഴക്കൂട്ടം.