wilso

നാഗർകോവിൽ: കളിയിക്കവിള ചെക്‌പോസ്റ്റിൽ എസ്.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഒരു വർഷമാവുമ്പോഴും നാട്ടുകാർ ഞെട്ടലിൽ നിന്ന് മോചിതരായിട്ടില്ല. മാർത്താണ്ഡം, പരുത്തിവിള സ്വദേശി യേശുദാസിന്റെ മകൻ വിൽ‌സനാണ് വെടിയേറ്റ് മരിച്ചത്. 2020 ജനുവരി എട്ടിന് മാർക്കറ്റ് റോഡിലെ ചെക്ക്പോസ്റ്റിൽ രാത്രി 9.30നായിരുന്നു സംഭവം. പ്രൊമോഷനെ തുടർന്നാണ് വിൽസൻ കളിയിക്കവിള പൊലീസ് സ്റ്റേഷനിൽ സ്പെഷ്യൽ എസ്.എസ്.ഐയായത്.

പ്രതികളായ അബ്‌ദുൾ ഷമീമും തൗഫീഖും ഓട്ടോയിലാണ് നെയ്യാറ്റിൻകരയിൽ നിന്ന് കളിയിക്കവിള ബസ് സ്റ്റാൻഡിൽ എത്തിയത്. ചെക്ക്പോസ്റ്റിൽ വന്ന് പൊലീസ് ഉണ്ടോ എന്ന് ഉറപ്പു വരുത്തിയിരുന്നു. അടുത്തുള്ള മുസ്ലിം പള്ളിയിൽ കയറി രക്ഷപ്പെടാനുള്ള വഴി ഉറപ്പാക്കി മടങ്ങിയെത്തിയ ശേഷമായിരുന്നു കൊല നടത്തിയത്. എസ്.എസ്.ഐ വിൽസനെ തൗഫീഖ് വെടിവയ്ക്കുകയും അബ്ദുൽ ഷമീം കത്തി കൊണ്ട് കുത്തുകയും ചെയ്തശേഷം പള്ളിയുടെ റോഡിലിറങ്ങി. അന്ന് ഹർത്താൽ ആയിരുന്നതിനാൽ ബസ് ഉണ്ടായിരുന്നില്ല. തുടർന്ന് അവിടെ നിന്ന് ഇഞ്ചിവിളയിൽ എത്തിയ പ്രതികൾ ഒാട്ടോയിൽ കയറി തിരുവനന്തപുരം ബസ് സ്റ്റാൻഡിൽ എത്തി. കത്തി അവിടെ ഉപേക്ഷിച്ചു. ഹർത്താൽ അവസാനിച്ചതോടെ തിരുവനന്തപുരത്തുനിന്ന് ബസിൽ കയറി എറണാകുളത്തേക്ക് പോയി. തോക്ക് അവിടെ ഉപേക്ഷിക്കുകയായിരുന്നു. ഉഡുപ്പിയിൽ വച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സർക്കാരിന്റെ ആവശ്യപ്രകാരം എൻ.ഐ.എ 2020 ഫെബ്രുവരി ഒന്നിനാണ് കേസ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ ഇപ്പോൾ സേലം ജയിലിലാണ്.

വിൽ‌സൺ കൊലക്കേസിൽ ആറു പേരെ പ്രതികളാക്കി ചെന്നൈ എൻ.ഐ.എ കോടതിയിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിച്ചു. കന്യാകുമാരി സ്വദേശി അബ്ദുൾ ഷമീം (30), തൗഫീക് (27), കടലൂർ സ്വദേശി കാജാ മൊയ്ദീൻ (53), ബംഗ്ലൂർ സ്വദേശികളായ മെഹ്ബൂബ് ബാഷ (48), ഇജാസ് ബാഷ (46), കടലൂർ സ്വദേശി ജാഫർ അലി (26) എന്നിവരാണ് പ്രതികൾ. ഐസിസിൽ അംഗമായ കാജാ മൊയ്തീൻ അബ്ദുൽ ഷമീമിനെയും തൗഫീക്കിനെയും കൂട്ടി 2019 ഡിസംബറിൽ മഹാരാഷ്ട്രയിലെത്തിയാണ് മെഹബൂബ് ബാഷയിൽ നിന്ന് എസ്. എസ്. ഐയെ കൊല്ലാനുള്ള ആയുധങ്ങൾ കൈപ്പറ്റിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.