chennithala-

തിരുവനന്തപുരം: നിയമ വ്യവസ്ഥ പരിപാലിക്കാൻ ബാദ്ധ്യസ്ഥനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്വന്തം മുഖം രക്ഷിക്കാൻ സഭാചട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഡോളർ കടത്ത് പോലുള്ള ഹീനമായ കേസിന്റെ അന്വേഷണത്തെയാണ് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത്. സാമാജികർക്കുള്ള ഭരണഘടനാ പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെ നിലപാട് നിയമാനുസൃതമല്ല. കേരള നിയമസഭയിൽ തന്നെ മുമ്പ് ഇതുസംബന്ധിച്ച് സ്പീക്കറുടെ റൂളിംഗ് ഉണ്ടായിട്ടുണ്ട്.

1970കളിൽ സർക്കാർ ജീവനക്കാരുടെ സമരത്തോടനുബന്ധിച്ച് നിയമസഭാ വളപ്പിൽ നിന്ന് ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം പ്രവിലേജിന്റെ പരിധിയിൽ വരില്ലെന്ന് അന്നത്തെ സ്പീക്കർ റൂളിംഗ് നൽകിയിട്ടുണ്ട്. സാമാജികർക്കുള്ള പരിരക്ഷ അല്ലാത്തവർക്ക് ലഭിക്കില്ലെന്ന റൂളിംഗ് ഇപ്പോഴും നിലനിൽക്കുകയാണ്. ചട്ടം 164 അനുസരിച്ചുള്ള അറസ്റ്റിന്മേലാണ് അന്ന് റൂളിംഗുണ്ടായത്. ചട്ടം 165നും അത് ബാധകമാണ്.