തിരുവനന്തപുരം: വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളേജിനായി ഡി.എം.വിംസ് സ്വകാര്യമെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നിർദ്ദേശം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തള്ളി. പകരം സർക്കാർ ചെലവിൽ പുതിയ മെഡിക്കൽ കോളേജ് നിർമ്മിക്കും. കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.
വിംസ് മെഡിക്കൽ കോളേജ് ഉടമകളായ ഡി.എം എഡ്യൂക്കേഷണൽ റിസർച്ച് ഫൗണ്ടേഷന്റെ വ്യവസ്ഥകൾ സ്വീകാര്യമല്ലെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശകൾ യോഗം അംഗീകരിച്ചു. യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ എന്നിവർ പങ്കെടുത്തു.