lotary

തിരുവനന്തപുരം: പത്തു വർഷം മുമ്പ് പുറത്താക്കിയ അന്യസംസ്ഥാന ലോട്ടറിക്ക് അനുകൂലമായി വന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കേ, അതു വകവയ്ക്കാതെ കേരളത്തിൽ വില്പനയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ബന്ധപ്പെട്ട മൊത്ത വിതരണ ഏജൻസി. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ വിളിച്ചുകൂട്ടിയ കേരളത്തിലെ ലോട്ടറി ഏജന്റുമാരുടെ യോഗത്തിൽ നിരവധിപേർ പങ്കെടുത്തുവെന്നാണ് വിവരം. നാഗാലാൻഡ് ലോട്ടറിയുമായി സഹകരിക്കുന്നവരെ കേരള ഏജൻസിയിൽ നിന്നൊഴിവാക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ മുന്നറിയിപ്പ്. ട്രേഡ് യൂണിയനുകൾക്കും ഇതേ നിലപാടാണ്. എന്നാൽ പാലക്കാട്ടെ യൂണിയൻ നേതാവ് ഉൾപ്പെടെ കോയമ്പത്തൂരിലെ യോഗത്തിൽ പങ്കെടുത്തെന്നാണ് വിവരം.

മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ ഒരു കോടി ടിക്കറ്റുകളാണ് പ്രതിദിനം വിൽക്കുന്നത്. 35,000ൽ അധികം ഏജന്റുമാരുണ്ട്. വില്പനക്കാരായി ലക്ഷക്കണക്കിന് പേരും. കേരളത്തിന്റെ നികുതിയേതര വരുമാനത്തിന്റെ 80 ശതമാനവും ലോട്ടറിയിൽ നിന്നാണ്. 2000കോടിയോളം രൂപയാണ് കഴിഞ്ഞ വർഷത്തെ ലാഭം. നികുതി വേറെയും. അന്യ സംസ്ഥാന ലോട്ടറി വന്നാൽ ഇതൊക്കെ തകിടംമറിയും. ലോട്ടറിക്ക് 28 ശതമാനമാണ് ജി.എസ്.ടി. ആര് വിറ്രാലും പകുതി സംസ്ഥാന സർക്കാരിന് കിട്ടും. എന്നാൽ അന്യസംസ്ഥാന ലോട്ടറി ഇക്കാര്യത്തിൽ 'ഫൗൾ ' കാട്ടാറുണ്ട്.

പോരാട്ടം

2003: കേരളത്തിൽ ഓൺലൈൻ ലോട്ടറികളെ നിയന്ത്രിക്കാൻ നീക്കം

2005: കേരള പേപ്പർ ലോട്ടറി നിയമം നടപ്പാക്കി

2011: കേരളത്തിന്റെ ആവശ്യപ്രകാരം സിക്കിം, ഭൂട്ടാൻ ലോട്ടറികൾ കേന്ദ്രം വിലക്കി

2017:കേന്ദ്ര,സംസ്ഥാന നികുതികൾ ഏകീകരിച്ച് ജി.എസ്. ടി വന്നു. അന്യ സംസ്ഥാന ലോട്ടറികൾക്ക് വീണ്ടും വഴിയൊരുങ്ങി.

2018: ഇതു തടയാൻ കേരളം ലോട്ടറി ചട്ടങ്ങളിൽ ഭേദഗതി വരുത്തി.

2020,ഡിസം.30: ലോട്ടറി ചട്ടം ഭേദഗതി ഹൈക്കോടതി റദ്ദാക്കി

വില കുറവ്

ഉയർന്ന സമ്മാനം വാഗ്ദാനം ചെയ്തും ടിക്കറ്റ് വില കുറച്ചുമാണ് അന്യസംസ്ഥാന ലോട്ടറി വെല്ലുവിളി ഉയർത്തുന്നത്. കേരള ടിക്കറ്ര് വില 40 രൂപയാണ്.

ജി.എസ്. ടിയുടെ തുടക്കത്തിൽ അന്യ സംസ്ഥാന ലോട്ടറിക്ക് 28 ശതമാനവും അതത് സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും നികുതിയായിരുന്നു. 2019 അവസാനം ജി.എസ്. ടി നിരക്ക് 28 ശതമാനമായി ഏകീകരിച്ചത് അന്യസംസ്ഥാന ലോട്ടറിക്ക് ഗുണമായി.