ജില്ലയിലെ എല്ലാ പഞ്ചായത്തിലും സ്പോർട്സ് ടർഫുകൾ
തിരുവനന്തപുരം: ജില്ലയിൽ സമൂലമാറ്റമൊരുക്കാൻ നവീന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. കായിക, കൃഷി സൗഹൃദ ജില്ലയായി മാറ്റാനാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തിലും സ്പോർട്സ് ടർഫ്, തരിശ് ഭൂമി കൃഷി എന്നിവ ആരംഭിക്കും. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. ജില്ലയിലെ 73 പഞ്ചായത്തുകളിലും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കണ്ടെത്തി ടർഫുകൾ നിർമ്മിക്കാനാണ് പദ്ധതി. യുവാക്കളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾക്ക് തടയിടാൻ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. കൃത്രിമ പുല്ലുകൾ ഉപയോഗിച്ചാണ് ടർഫിന്റെ നിർമ്മാണം. ഫുട് ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ഹോക്കി, ബാസ്ക്കറ്റ് ബാൾ എന്നീ കായിക ഇനങ്ങൾക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. ആധുനിക രീതിയിലുള്ള സിന്തറ്റിക്ക് ടർഫുകൾക്കൊപ്പം രാത്രി സമയങ്ങളിലും ഉപയോഗിക്കാവുന്ന വിധം ലൈറ്റിംഗും ഒരുക്കും. ആധുനിക ടർഫുകൾക്ക് ഏഴ് വർഷം വരെയാണ് ഗ്യാരന്റി. ഗാലറി, ഓഫീസ് സംവിധാനം, ബാത്റൂം എന്നിവയും സജ്ജീകരിക്കും.
നടപടി അടുത്തയാഴ്ച
അടുത്ത ആഴ്ച്ചമുതൽ ഗ്രാമ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചാണ് ടർഫുകളുടെ നിർമ്മാണം. 6മാസത്തിനുള്ളിൽ ജോലികൾ ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ചില പഞ്ചായത്തുകളിൽ ഇൻഡോർ സ്റ്റേഡിയങ്ങളുണ്ട്. മറ്റുള്ള പഞ്ചായത്തുകളിലും ഇത് വ്യാപിപ്പിക്കാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നത്.