kadam

തിരുവനന്തപുരം:സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള മ്യൂസിയങ്ങളെല്ലാം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധതയോടെയാണ് ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നവീകരിച്ച നാച്വറൽ ഹിസ്റ്ററി മ്യൂസിയം വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗവേഷണത്തിനായി പ്രകൃതി ചരിത്ര സംബന്ധിയായ മാതൃകകൾ നിർമിച്ച് പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിൽ പുതിയ കാലത്തിനനുസൃതമായ നവീകരണം നടത്താനായിട്ടുണ്ട്. അര നൂറ്റാണ്ട് പിന്നിടുന്ന ഈ മ്യൂസിയത്തിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ നവീകരണം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർമാരായ ഡോ. റീന കെ.എസ്., പാളയം രാജൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, മ്യൂസിയം ഡയറക്ടർ എസ്.അബു, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻപിള്ള, നാച്വറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് പി.വി. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

ആകർഷകവും വിജ്ഞാനപ്രദവുമായ സംവിധാനങ്ങൾ ഒരുക്കിയുളള നവീകരണ പ്രവൃത്തികൾ

ആറുകോടി രൂപ ചെലവിലാണ് നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്

രണ്ടു നിലകളിലായി 30,000 ചതുരശ്ര അടിയിലാണ് സജ്ജമാക്കിയിരിക്കുന്നത്

മ്യൂസിയത്തിൽ നാലായിരത്തോളം ജന്തുവർഗവുമായി ബന്ധപ്പെട്ട കാഴ്ചകളാണുള്ളത്

എട്ട് വ്യത്യസ്ത ഗ്യാലറികളിലായി 1800ലധികം പ്രദർശനവസ്തുക്കൾ ഒരുക്കിയിട്ടുണ്ട്

വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ 19 ജന്തുക്കളുടെ ത്രിമാനരൂപം ഒരുക്കിയിട്ടുണ്ട്

 അന്യം നിന്ന ജീവികളുടെ ഗ്യാലറി

ജന്തുഭൗമശാസ്ത്രപരമായി വേർതിരിക്കപ്പെട്ട സസ്തനികളുടെ ഗ്യാലറി

ആന,തിമിംഗിലം എന്നിവ ഉൾപ്പെടെയുള്ള ജീവികളുടെ അസ്ഥികൂടങ്ങൾ

 സ്റ്റഫ് ചെയ്ത പക്ഷികളുടെ വിപുലമായ ശേഖരം

ഗവേഷകർക്കായി 2226 പക്ഷികളുടെയും നിരവധി ഉഭയജീവികളുടെയും പഠന സ്‌പെസിമനുകളടങ്ങിയ റെപ്പോസിറ്ററി

 പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ സലിം അലി പഠനാവശ്യത്തിനായി സ്റ്റഫ് ചെയ്ത 600 പക്ഷികൾ

പൂർണമായും ശീതീകരിച്ച മ്യൂസിയത്തിൽ ഭിന്നശേഷി സൗഹൃദയത്തിന്റെ ഭാഗമായി ലിഫ്റ്റ് സംവിധാനം

മുതിർന്നവർക്ക് 30 രൂപയും 5-12 വയസുവരെയുള്ളവർക്ക് 10 രൂപയുമാണ് സന്ദർശനഫീസ്

കുടുംബത്തിനും വിദ്യാർത്ഥി സംഘത്തിനും ഇളവുണ്ട്.