തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി എൻ.സി.പി സംസ്ഥാന നേതൃത്വം രണ്ടു ചേരിയാവുകയും ഒരു പക്ഷം യു.ഡി.എഫിലേക്കെന്ന് ഏറക്കുറെ ഉറപ്പാവുകയും ചെയ്തതോടെ പൊതുവികാരമാരായാൻ ദേശീയാദ്ധ്യക്ഷൻ ശരദ് പവാർ രണ്ടാഴ്ചയ്ക്കകം കേരളത്തിലെത്തുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങവേ മുംബയിലിറങ്ങി ശരദ് പവാറിനെ കണ്ട മന്ത്രി എ.കെ.ശശീന്ദ്രൻ, കേരളത്തിൽ ഇടതുമുന്നണി വിടുന്നത് ഗുണകരമാകില്ലെന്ന് ധരിപ്പിച്ചു. മുന്നണി വിട്ടുപോയത് കൊണ്ട് എത്ര സീറ്റുകൾ അധികമായി ലഭിക്കുമെന്ന് കൂടി മറുപക്ഷം വ്യക്തമാക്കട്ടെയെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ നിലപാട്. ഇപ്പോഴുള്ളതും നഷ്ടപ്പെടുമെന്ന് അദ്ദേഹം പവാറിനെ ധരിപ്പിച്ചതായാണ് വിവരം.
പിന്നാലെ ഇന്നലെ മുംബയിലെത്തിയ സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരനും മാണി സി.കാപ്പനും പാലായിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് പവാറിനെ ധരിപ്പിച്ചു. പവാർ തങ്ങൾക്കൊപ്പമെന്നാണ് ഔദ്യോഗിക ചേരി അവകാശപ്പെടുന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ച് പൊതു അഭിപ്രായമറിഞ്ഞ ശേഷം തീരുമാനം പ്രഖ്യാപിക്കാമെന്നാണ് പവാർ നേതാക്കളെ അറിയിച്ചിരിക്കുന്നത്.
സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ശരദ് പവാർ പറഞ്ഞതെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയതായി തോന്നുന്നില്ലെന്നും ടി.പി.പീതാംബരൻ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും അവിടെ എൻ.സി.പി തന്നെ മത്സരിക്കുമെന്നും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ശശീന്ദ്രനും ബാധകമാണെന്നും പീതാംബരൻ പറഞ്ഞു.
യു.ഡി.എഫ് നേതൃത്വത്തിലെ പലരുമായും മാണി സി.കാപ്പനുൾപ്പെടെ ചർച്ച നടത്തിയതായാണ് സൂചന. പാലാ സീറ്റ് ജോസ് കെ.മാണിക്ക് നൽകുമെന്ന ഉറപ്പ് സി.പി.എം നൽകിക്കഴിഞ്ഞെന്ന് വിശ്വസിക്കുന്ന കാപ്പൻ പക്ഷം രണ്ടും കല്പിച്ചാണ് നീങ്ങുന്നത്.
കേരള എൻ.സി.പിക്ക് ശശീന്ദ്രൻ
ഏത് നിമിഷവും പാർട്ടി നേതൃത്വം മുന്നണിമാറ്റം പ്രഖ്യാപിക്കുമെന്ന് തിരിച്ചറിയുന്ന ശശീന്ദ്രൻ പക്ഷം, കേരള എൻ.സി.പിയുണ്ടാക്കി പിളർപ്പിനൊരുങ്ങുകയാണ്. ഇനിയൊരു പിൻമടക്കം ഔദ്യോഗികപക്ഷത്തിൽ നിന്നുണ്ടാകുമെന്ന് ശശീന്ദ്രൻ കരുതുന്നില്ല. ശശീന്ദ്രനെ പിടിച്ചുനിറുത്തുക വഴി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇടതു മുന്നണിയിൽ നിന്ന് ഒരു ഘടകകക്ഷി അടർന്ന് പോകുന്നതിന്റെ ആഘാതം കുറയ്ക്കാനാകുമെന്ന് സി.പി.എമ്മും കരുതുന്നു.