തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം സ്റ്റേഷനിൽ ക്രൂര മർദ്ദനമേറ്റ് കസ്റ്റഡിയിലായിരുന്ന രാജ്കുമാർ മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ ശുപാർശ ചെയ്ത് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
ന്യൂമോണിയ കാരണമുള്ള മരണമാണെന്ന് എഴുതിത്തള്ളാനൊരുങ്ങിയ കേസാണ് കമ്മിഷൻ മുൻകൈയെടുത്ത് നടത്തിയ രണ്ടാം പോസ്റ്റുമോർട്ടത്തിലൂടെ ക്രൂരമായ കസ്റ്റഡി മരണമാണെന്ന് ബോദ്ധ്യമായതെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. അതിക്രൂരമായ മർദ്ദനമേറ്റാണ് മരിച്ചത്. സമാനതകളില്ലാത്ത സംഭവമാണിത്. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാലിക്കേണ്ട മുൻകരുതലുകളും
റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.153 പേജുള്ള പ്രധാന റിപ്പോർട്ടിന് അനുബന്ധ ഭാഗങ്ങളുമുണ്ട്.
ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പരാതിയെ തുടർന്നാണ് 2019 ജൂൺ 12ന് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്നെങ്കിലും പണം കുമളിയിൽ കൊണ്ടുപോയി മറ്റാർക്കോ കൈമാറിയിരുന്നുവെന്നാണ് സൂചന. കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. അവശനിലയിലായെങ്കിലും, ആശുപത്രിയിലെത്തിക്കാതെ മജിസ്ട്രേറ്റിനെ കബളിപ്പിച്ച് പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂൺ 21ന് ജയിലിൽ വച്ചാണ് മരിച്ചത്. ആദ്യ പോസ്റ്റ്മോർട്ടത്തിൽ ന്യുമോണിയയാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും ജുഡിഷ്യൽ കമ്മിഷൻ ഇടപെട്ട് വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ 21 മുറിവുകളാണ് ശരീരത്തിൽ കണ്ടെത്തിയത്. ഇവ ആദ്യ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നില്ല.
ആരോപണവിധേയർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും കമ്മിഷൻ പറഞ്ഞു.
കമ്മിഷന്റെ നടപടികൾ
# നെടുങ്കണ്ടം സ്റ്റേഷനിലെ വിശ്രമമുറി, എസ്. ഐയുടെ മുറികൾ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ്കുമാറിന്റെ വാഗമണ്ണിലെ വീട് എന്നിവിടങ്ങളിൽ തെളിവെടുത്തു.
# രാജ്കുമാറിന്റെ അറസ്റ്റിലേക്കും മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചു. 73 സാക്ഷികളെ വിളിച്ചുവരുത്തി തെളിവെടുത്തു.
# എസ്.ഐയുടെ മുറിയിലും ഒന്നാം നിലയിലെ വിശ്രമമുറിയിലും വച്ചു മർദിച്ചെന്ന സാക്ഷി മൊഴികൾ വസ്തുതാപരമാണന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
# രാജ്കുമാറിനൊപ്പം അറസ്റ്ര് ചെയ്ത രണ്ട് സ്ത്രീകളെ വിലങ്ങുവച്ച് റോഡിലൂടെ നടത്തിച്ചത് നിയമവിരുദ്ധവും കോടതി ഉത്തരവുകളുടെ ലംഘനവും.
# പ്രതികൾ
സി.ബി.ഐകേസിൽ എസ്.ഐ കെ.എ.സാബുവാണ് ഒന്നാം പ്രതി. എ.എസ്.ഐ സി.ബി.റെജിമോൻ, പൊലീസ് ഡ്രൈവർമാരായ പി.എസ്.നിയാസ്, സജീവ് ആന്റണി, എ.എസ്.ഐയും റൈറ്ററുമായ റോയി പി.വർഗീസ്, സി.പി.ഒ. ജിതിൻ കെ.ജോർജ്, ഹോം ഗാർഡ് കെ.എം.ജെയിംസ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐയും പ്രതിയാക്കിയിട്ടുണ്ട്.
``അനന്തമായി നീണ്ടുപോകാതെ റിപ്പോർട്ടിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
-ജസ്റ്റിസ് നാരായണക്കുറുപ്പ്