kerala

തിരുവനന്തപുരം: കേരള ലളിതകലാ അക്കാഡമിയുടെ 49ാമത് സംസ്ഥാന പുരസ്കാരങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്‌തു. ഇന്നലെ വൈകിട്ട് 5.30ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. അക്കാഡമി ഫെലോഷിപ്പുകൾ എൻ.കെ.പി മുത്തുകോയ, കെ.രഘുനാഥൻ എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാന ചിത്ര-ശിൽപകലാ പുരസ്കാരങ്ങൾ ജെബിൻ.പി ഔസേഫ്,സജിത് പുതുക്കലവട്ടം,ടി.ആർ. ഉദയകുമാർ,ജി.ഉണ്ണികൃഷ്ണൻ,വിൻസെന്റ് എസ് എന്നിവരും ഓണറബിൾ മെമ്പർഷിപ്പ് പുരസ്‌കാരങ്ങൾ അജയൻ കാരാടി,അനിൽ രൂപചിത്ര,ജോൺസൺ.എം.കെ,സദനം ഹരികുമാർ,സലിൽ പി.വാസുദേവൻ എന്നിവരും ഏറ്റുവാങ്ങി. വി.ശങ്കരമേനോൻ എൻഡോവ്മെന്റ് സ്വർണമെഡൽ സജീവ് ബഷീറിന് നൽകി. മൗലിക ഗ്രന്ഥങ്ങൾക്കുള്ള പുരസ്കാരങ്ങൾ ടി.ജി. ജ്യോതിലാലും ബിപിൻ ബാലചന്ദ്രനും ഏറ്റുവാങ്ങി. ആര്യ ടി.മോഹൻ, ദീപക് പൗലോസ്,ധൻരാജ്.കെ,സംഗീത് തുളസി,ശരത് കെ.എസ് എന്നിവ‌ർ കലാ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. മന്ത്രി എ.കെ. ബാലൻ സന്ദേശ കുറിപ്പിലൂടെ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു. അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, മുൻ ചെയർമാൻ കാട്ടൂർ നാരായണപിള്ള, അക്കാഡമി സെക്രട്ടറി പി.വി. ബാലൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി ഷിൻസി.ഇ മിത്തലിന്റെ ഗാനസന്ധ്യ അരങ്ങേറി.