കൊല്ലം:ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ഗുരുദേവനോട് അനാദരവ് പുലർത്തുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി കുറ്റപ്പെടുത്തി.
ചിട്ടിക്കമ്പനിയുടേതിന് സമാനമായ ലോഗോയുടെ നിറം മാറ്റിയും, ഗുരുദേവചിത്രം ആലേഖനം ചെയ്യാതെയും പ്രകാശനം ചെയ്തത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഗുരുദേവ വിശ്വാസികളിൽ ഇതെല്ലാം ഉത്കണ്ഠയുളവാക്കുകയാണ്. ലോഗോ വിദഗ്ദ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കാതെ വൈസ് ചാൻസലർ തന്നിഷ്ടം കാട്ടിയെന്നാണ് സർവകലാശാലാ വൃത്തങ്ങളിൽ നിന്നുള്ള അറിവ്. സർവകലാശാലാ അങ്കണത്തിൽ ആഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും മുസ്ലിം താത്പര്യം സംരക്ഷിക്കാനായി ടി.കെ.എം കോളേജിൽ പരിപാടി നടത്തി ലക്ഷങ്ങൾ പൊടിപൊടിച്ചു.
ലോഗോ പ്രകാശനം ചെയ്തപ്പോൾ ' ലിബറേഷൻ ത്രൂ എഡ്യൂക്കേഷൻ 'എന്നാണ് ആപ്തവാക്യമായി എഴുതിയിരുന്നത്. പിന്നീട് വിമർശനം ഉയർന്നപ്പോൾ 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്ന ഗുരുവചനം കൂടി എഴുതിച്ചേർക്കുകയായിരുന്നു. ഗവർണറോ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ നടത്തേണ്ട ലോഗോയുടെ പ്രകാശനം നിർവഹിച്ചത് സ്ഥലം എം.എൽ.എയാണ്. ഗുരുവിന്റെ ചിത്രം ഒഴിവാക്കിയത് യൂണിവേഴ്സിറ്റിയുടെ പേര് പോലും വരുംനാളുകളിൽ മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന സംശയവും ശ്രീനാരായണീയർക്കുണ്ട്. ഇത്തരം ഗുരുനിന്ദ തുടരാനാണ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലൂടെ നേരിടുമെന്ന് യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിലും സെക്രട്ടറി നെടുമങ്ങാട് രാജേഷും പറഞ്ഞു.