തിരുവനന്തപുരം: ഇരുപത് ഇനം അജൈവ മാലിന്യങ്ങൾക്ക് സർക്കാരിന് കീഴിലുള്ള ക്ലീൻ കേരള കമ്പനി അടിസ്ഥാനവില നിശ്ചയിച്ചു. ഇവ ശേഖരിച്ച് കമ്പനിക്ക് കൈമാറുന്ന സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം ഹരിത കർമ്മസേനാംഗങ്ങൾക്ക് പ്രതിഫലം നൽകാനാണ് വില നിശ്ചയിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ വഴി നേരിട്ട് സേനാംഗങ്ങൾക്ക് ഈ തുക ലഭിക്കും.
പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കിലോയ്ക്ക് 18 രൂപ വരെ ലഭിക്കും. ഉപയോഗിച്ച പാൽ കവറിന് 12 രൂപ, ഒരു ചില്ലുകുപ്പിക്ക് ഒരു രൂപ, ഒരു കിലോ പ്ലാസ്റ്റിക് മദ്യകുപ്പിക്ക് 12 രൂപ, പഴയപത്രം എട്ട് രൂപ, കാർഡ് ബോർഡ് നാല് രൂപ, നോൺ വൂവൻ ബാഗുകൾ അഞ്ച് രൂപ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന പോളിപ്രൊപ്പിലീൻ കണ്ടെയ്‌നറുകൾ 15രൂപ, എച്ച്.ജി.പി കുപ്പികൾ 17രൂപ, അലൂമിനിയം കാൻ 40രൂപ, സ്റ്റീൽ 20രൂപ, ഇരുമ്പ് വസ്തുക്കൾ 15 രൂപ എന്നിങ്ങനെയാണ് വില. മാലിന്യങ്ങൾ അമർത്തി അട്ടിയാക്കി തിരിച്ചതിനും (ബ്രെയിൽഡ്) അല്ലാത്തതിനും പ്രത്യേകം വിലയാണ്. ഇങ്ങനെ തരം തിരിക്കാത്തവയ്ക്ക് വിലയിൽ കുറവുവരും.
ഹരിതകർമ്മ സേനാംഗങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലെ കളക്‌ഷൻ സെന്ററിലാണ് വൃത്തിയാക്കിയ മാലിന്യങ്ങൾ എത്തിക്കുക. ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങളുടെയും സേനാംഗങ്ങളുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് പണം നൽകും. അതിനാൽ പ്രതിഫലം ലഭിക്കാൻ കാലതാമസം ഉണ്ടാകില്ല. മൂന്ന് മാസം കൂടുമ്പോൾ വിലയിൽ മാറ്റം വരുത്താമെന്നും ഉത്തരവിലുണ്ട്.