asha-worker

തിരുവനന്തപുരം:ഒരിടവേളയ്‌ക്ക് ശേഷം തലസ്ഥാന നഗരിയിൽ സമരങ്ങളുടെ വേലിയേറ്റമായിരുന്നു ഇന്നലെ.സെക്രട്ടേറിയറ്റിന് മുന്നിലടക്കം ഏഴ് ബഹുജന സമരങ്ങളാണ് നടന്നത്.കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ സമരങ്ങളിൽ പലതിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. സമരത്തിൽ പങ്കെടുത്തവർ കൊവിഡ് മാനദണ്ഡങ്ങളോ സാമൂഹ്യ അകലമോ പാലിച്ചില്ല. സെക്രട്ടേറിയേറ്ററിന് മുന്നിലൂടെ ഇന്നലെ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.അപ്രതീക്ഷിതമായി സമരങ്ങൾക്ക് പതിവിൽ കവിഞ്ഞ ആൾകൂട്ടമുണ്ടായതോടെ പൊലീസുകാരും അമ്പരന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത സമരം ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു നടന്നത്. നൂറുകണക്കിന് ആശാവർക്കർമാരാണ് സമരത്തിൽ പങ്കെടുത്തത്. കൊവിഡ് കാലത്തെ പ്രവർത്തനത്തിന് റിസ്ക് അലവൻസ് പോലും ഇതുവരെ സർക്കാർ നൽകിയില്ലെന്നാരോപിച്ചായിരുന്നു ഇവരുടെ സമരം.
എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. നിശ്ചല ദൃശ്യവുമായാണ് സമരക്കാർ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. യാക്കോബായ സുറിയാനി സഭയുടെ സത്യാഗ്രഹം,കായിക താരങ്ങളുടെ സമരം തുടങ്ങിയവയും സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നു. ജി.പി.ഒയ്‌ക്ക്‌ മുന്നിൽ സി.ഐ.ടി യു വിന്റെ നേതൃത്വത്തിൽ 36 മണിക്കൂർ സത്യാഗ്രഹവും അനധികൃത നിയമങ്ങൾക്കെതിരെ യൂണിവേഴ്‌സിറ്റി ഓഫീസിന് മുന്നിൽ യുവമോർച്ചയുടെ സമരവും അന്യസംസ്ഥാന ലോട്ടറികൾക്കെതിരെ രാജ്ഭവന് മുന്നിൽ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന സമരത്തിലും നൂറുകണക്കിനുപേർ പങ്കെടുത്തു.