dd

കരുനാഗപ്പള്ളി: പന്ത്രണ്ട് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മൈനാഗപ്പള്ളി സ്വദേശിയായ യുവാവിനെ കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി പോക്സോ നിയമ പ്രകാരം പത്തുവർഷം തടവിനും ഇരുപത്തയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണം. സ്പെഷ്യൽ കോടതി ജഡ്ജി ശ്രീരാജാണ് ശിക്ഷിച്ചത്.

2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചുവരുത്തിയും മറ്റൊരു ദിവസം കുട്ടിയെ വീടിന് സമീപത്തെ കാട്ടിൽ വച്ചും പീഡിപ്പിക്കുകയായിരുന്നു. ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ പി.എസ്. പ്രശാന്താണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ്, പി.എസ്. സുനിൽ എന്നിവർ കോടതിയിൽ ഹാജരായി.