
കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള സ്വിച്ച് യാർഡ് കോംപ്ലക്സിന്റെയും പവർ കൺട്രോൾ യൂണിറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഉടൻ നടത്തും. തലയ്‌ക്കോട് ബൈപാസിൽ നിന്ന് തുറമുഖത്തേക്ക് വരുന്ന കണ്ടെയ്നർ റോഡിനായുള്ള പാലങ്ങളുടെ നിർമ്മാണവും മുപ്പത്തിയഞ്ച് ശതമാനത്തോളം പൂർത്തിയായി. താമരക്കുളം ഭാഗത്ത് കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണവും മറുഭാഗത്ത് ഗ്രിഡുകളും സ്ഥാപിച്ചുതുടങ്ങി.
തുറമുഖത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിന് ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന ജിയോ സെൽ പാതയുടെ നിർമ്മാണവും പരോഗമിക്കുന്നു. കൊവിഡിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും നിർമ്മാണ സാമഗ്രികൾ കിട്ടാനുള്ള കാലതാമസവും പദ്ധതി വൈകാൻ ഇടയാക്കിയിരുന്നു. നഗരസഭയുടെ മുല്ലൂർ വാർഡിലെ കലുങ്ക് ജംഗ്ഷൻ മുതൽ ബൈപാസുമായി ബന്ധിപ്പിക്കുന്നതുവരെ ചതുപ്പു പ്രദേശമായതിനാലാണ് ജിയോ ടെക്െ്രസ്രെൽ,
ജിയോ സെൽ എന്നിവ ഉപയോഗിച്ചുള്ള നിർമ്മിതി തുടങ്ങിയത്. തുറമുഖ കവാടം മുതൽ ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ റോഡ് ചതുപ്പുനിലങ്ങളിലെ വെള്ളക്കെട്ട് കാരണം ഭാവിയിൽ തകരാതിരിക്കാനാണ് ഈ സംവിധാനമെന്ന് അധികൃതർ പറഞ്ഞു. എറണാകുളം ആസ്ഥാനമായുള്ള ജെ.വി.ജെ കമ്പനിക്കാണ് നിർമ്മാണച്ചുമതല. തുറമുഖ റോഡ് കടന്നപോകുമ്പോൾ നിലവിലുള്ള വിഴിഞ്ഞം പൂവാർ റോഡിലെ കലുങ്കുനട ജംഗ്ഷനിൽ തിരക്കേറും. തുറമുഖ ഓഫീസ്, കണ്ടെയ്നർ യാർഡ്, ടെർമിനൽ, ആധുനിക മത്സ്യബന്ധന തുറമുഖം, സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങൾ എന്നിവയുടെ നിർമ്മാണവും പരോഗമിക്കുകയാണ്.