fab-lab

തിരുവനന്തപുരം: ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഏറെ ഗുണകരമായ സൂപ്പർ ഫാബ് ലാബ് പ്രവർത്തനം കൊച്ചിയിൽ ആരംഭിച്ചു. അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ സഹകരണത്തോടെ 'കേരള സ്റ്റാർട്ടപ്പ് മിഷൻ' ആണ് സൂപ്പർ ഫാബ് ലാബ് തുടങ്ങിയത്.

അമേരിക്കയ്ക്ക് പുറത്ത് എം.ഐ.ടി നിർമ്മിക്കുന്ന ആദ്യ സൂപ്പർ ഫാബ് ലാബാണിത്. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലെ 10,000 ചതുരശ്ര അടി സ്ഥലത്ത് ഏഴു കോടി രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. ഫാബ് ലാബുകളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങൾ നിർമിച്ചെടുക്കാൻ കഴിയുന്ന അത്യാധുനിക ലാബാണു സൂപ്പർ ഫാബ് ലാബ്. ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകളുടെയും ഹാർഡ്‌വെയർ കമ്പനികളുടെയും വളർച്ചയ്ക്ക് സൂപ്പർ ഫാബ് ലാബ് വഴിയൊരുക്കും.

ഇതിനോടകം നിരവധി ഗവേഷകർക്കും വിദ്യർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും സൂപ്പർ ഫാബ് ലാബിന്റെ സഹായം ലഭിച്ചിട്ടുണ്ട്. കോവിഡിനിടെ മിനി ഫാബ് ലാബുകളിലൂടെ ഫേസ് ഷീൾഡുകളും നിർമ്മിച്ച് വിതരണം ചെയ്തിരുന്നു. മെറ്റൽ മെഷീനിംഗ് രംഗത്തെ മൾട്ടി ആക്സിസ് മാനുവൽ ആൻഡ് സി.എൻ.ജി മില്ലിംഗ്, ടേണിംഗ്, കട്ടിംഗ് തുടങ്ങിയവയൊക്കെ സൂപ്പർ ഫാബ് ലാബിൽ സാധ്യമാകും. പ്ലാസ്റ്റിക്, ഫാബ്രിക് എന്നിവ കട്ട് ചെയ്യാനുള്ള ഹൈ സ്പീഡ് മെഷീനുകൾ, ത്രീ ഡി സ്‌കാനിംഗിനും പ്രിന്റിംഗിനുമുള്ള സൗകര്യം, കൂടാതെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണത്തിനുള്ള സൗകര്യവും അവയുടെ ടെസ്റ്റിംഗ് ഉപകരണങ്ങളും സൂപ്പർ ഫാബ് ലാബിലുണ്ട്.