തിരുവനന്തപുരം: കൊവിഡ്നിയന്ത്രണത്തിൽ പിന്നാക്കം പോയതിന് കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ കേരളത്തിലാണ് - 6000. തൊട്ടുതാഴെയുള്ള മഹാരാഷ്ട്രയിൽ മൂവായിരത്തിൽ താഴെയാണ്. കൊവിഡ് നിയന്ത്രിക്കാൻ ശക്തമായ നടപടികളെടുക്കാനും പുരോഗതി അറിയിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ കേരളത്തിന് കത്തെഴുതിയിരുന്നു. ഇന്ന് കേന്ദ്ര സംഘം കേരളത്തിലെത്തുന്നുമുണ്ട്. വാക്സിൻ വിതരണത്തിന് രാജ്യമാകെ ഒരുങ്ങുമ്പോൾ കേരളത്തിൽ രോഗവ്യാപനം രൂക്ഷമാകുന്നതിലാണ് കേന്ദ്രത്തിന്റെ ആശങ്ക. രോഗവ്യാപനം നിയന്ത്രിക്കാൻ മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, ബംഗാൾ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.
നാഷണൽ ഡിസീസ് കൺട്രോൾ സെന്റർ ഡയറക്ടർ ഡോ.എസ്.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലും സന്ദർശനം നടത്തും. തിങ്കളാഴ്ച സംഘം ആരോഗ്യമന്ത്രി, സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തും.
അതിനിടെ കേന്ദ്ര നിർദ്ദേശ പ്രകാരം ഇന്ന് സംസ്ഥാന വ്യാപകമായി വാക്സിനേഷന്റെ ഡ്രൈ റൺ നടത്തും. ജില്ലാ,താലൂക്ക് ആശുപത്രികൾ, തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾ തുടങ്ങിയ 46 കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ 11 വരെ 25 പേരെ വീതമാണ് ഡ്രൈറണ്ണിന് വിധേയരാക്കുക. സംസ്ഥാനത്തെ രണ്ടാമത്തെ ഡ്രൈറൺ ആണിത്.ജനുവരി 2ന് നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലായിരുന്നു ആദ്യ ഡ്രൈറൺ.
ഡ്രൈ റണിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന മന്ത്രി കെ.കെ. ശൈലജയുമായി ഇന്നലെ ഫോണിൽ ചർച്ച നടത്തി.
# ആദ്യഘട്ട വാക്സിനേഷൻ 3.51ലക്ഷം പേർക്ക്
കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ ആരോഗ്യമേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ വയോമിത്രം പദ്ധതിയിലെ 400 ജീവനക്കാരേയും കനിവ് 108 ആംബുലൻസിലെ 1344 ജീവനക്കാരേയും വാക്സിനേഷനിൽ ഉൾപ്പെടുത്തും.
# ഉപകരണങ്ങളെത്തി
കേന്ദ്രത്തിൽ നിന്ന് വാക്സിനും അനുമതിയും ലഭിച്ചാൽ ഉടൻവാക്സിൻ വിതരണത്തിനുള്ള ഉപകരണങ്ങൾ ഇന്നലെ സംസ്ഥാനത്തെത്തി. 13 മുതൽ വാക്സിൻ വിതരണം തുടങ്ങുമെന്നാണ് സൂചന. തീയതി പ്രഖ്യാപിച്ചിട്ടില്ല.
ലാർജ് ഐ.എൽ.ആർ. 20, വാക്‌സിൻ കാരിയർ 1800, കോൾഡ് ബോക്സ് വലുത് 50, കോൾഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒറ്റത്തവണ ഉപയോഗിക്കുന്ന 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്‌പോസബിൾ സിറിഞ്ച് തുടങ്ങിയവയാണ് എത്തിയത്. ഇവ ജില്ലകളിലേക്ക് മാറ്റും.