dd

നെടുമ്പാശേരി: ഒരേ ജോലി ചെയ്തിട്ടും സഹപ്രവർത്തകന് കൂടുതൽ വേതനവും സൗകര്യങ്ങളും ലഭിക്കുന്നതിന്റെ വിരോധത്തിലാണ് കൊലപ്പെടുത്തിയതെന്ന് കേസിലെ പ്രതികൾ പൊലീസിനോട് പറഞ്ഞു. വാപ്പാലശേരിയിൽ കാർട്ടൺ കമ്പനി തൊഴിലാളി ഒറീസ ബാലകുട സ്വദേശി ചോട്ടുവെന്ന് വിളിക്കുന്ന ശ്രീധർ ബി. ഇഷോയെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഒറീസാ സ്വദേശികളുമായ ചഗല സുമൽ (26), ആഷിഷ് ബഹുയി (26) എന്നിവരാണ് പൊലിസിനോട് കൊലപാതകകാരണം വ്യക്തമാക്കിയത്.

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു കൊലപാതകം. മൂന്ന് വർഷമായി കാർട്ടൺ കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീധർ ബി. ഇഷോയ് മുഖേനയാണ് മൂന്നു മാസം മുമ്പ് പ്രതികൾ ഇവിടെ ജോലിക്കെത്തിയത്. അതുവരെ കോയമ്പത്തൂരിലെ ബനിയൻ കമ്പനിയിലാണ് പ്രതികൾ ജോലിചെയ്തിരുന്നത്. കൂടുതൽ വേതനം വാഗ്ദാനം ചെയ്താണ് ഇവരെ ഇവിടെയെത്തിച്ചത്. കമ്പനി ഉടമ പറഞ്ഞ വേതനം നൽകിയെങ്കിലും ജോലി ചെയ്യാൻ ഇരുവരും മടിച്ചതിനെ തുടർന്ന് ശ്രീധർ ഇവർക്ക് പലവട്ടം താക്കീത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ചൊവ്വാഴ്ച്ചയും തർക്കം നടന്നത്. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊതിഞ്ഞ് തൊട്ടടുത്ത റെയിൽവെ ട്രാക്കിൽ കൊണ്ടിടുകയായിരുന്നുവെന്നുവെന്നും പ്രതികൾ വെളിപ്പെടുത്തി.

പ്രതികളെ അങ്കമാലി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ശ്രീധർ ബി. ഇഷോയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളുടെ ആവശ്യപ്രകാരം എംബാം ചെയ്ത് നാട്ടിലേക്കയക്കുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു പറഞ്ഞു.