തിരുവനന്തപുരം/കൊച്ചി: ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് പ്രത്യേക പരിരക്ഷയില്ലെന്ന് വ്യക്തമാക്കിയ കസ്റ്റംസ്, ഇന്നലെ വീണ്ടും നോട്ടീസ് നൽകിയതോടെ ഇന്നു ഹാജരാകാൻ തീരുമാനം. രാവിലെ പത്തിന് കൊച്ചിയിലെ കസ്റ്രംസ് ഓഫീസിലെത്താനാണ് നോട്ടീസ്. ഇ-മെയിലിൽ നോട്ടീസ് നൽകിയെങ്കിലും അയ്യപ്പൻ ഹാജരായിരുന്നില്ല. തുടർന്ന് വീട്ടു വിലാസത്തിൽ ഇന്നലെ നോട്ടീസ് നൽകുകയായിരുന്നു. സ്പീക്കറുടെ യാത്രാവിവരങ്ങളും സന്ദർശകരുടെ വിവരങ്ങളും ടൂർ ഡയറിയിലെ വിവരങ്ങളും തേടിയാണ് അയ്യപ്പനെ ചോദ്യം ചെയ്യുന്നത്.
റൂൾസ് ഒഫ് ബിസിനസ് 165 ചട്ടപ്രകാരം സ്പീക്കറുടെ ജീവനക്കാർക്കും പരിരക്ഷ ബാധകമാണെന്ന് നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നൽകിയ കത്ത് സ്വീകാര്യമല്ലെന്ന് കസ്റ്റംസ് മറുപടി നൽകി. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല ചട്ടം 165 എന്ന് മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. സെക്രട്ടറിയെ ചോദ്യംചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്ന് കസ്റ്റംസ് അറിയിച്ചു.