പോത്തൻകോട്: അപകടാവസ്ഥയിലായ പാലം പൊളിച്ചെങ്കിലും പുതിയപാലത്തിന്റെ പണി വൈകുന്നതോടെ ചുറ്റിക്കറങ്ങി ജനങ്ങൾ. നാട്ടുകാരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് 70 വർഷത്തിലേറെ പഴക്കമുള്ള മുറിഞ്ഞപാലം കുറച്ചുമാസം മുമ്പ് പൊളിച്ചത്. 16-ാം മൈൽ - വേങ്ങോട് - സായിഗ്രാമം - മങ്കാട്ടുമൂല റോഡിന്റെ പുനരുദ്ധാരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 8 കോടി ചെലവിലാണ് പുതിയ പാലത്തിന്റെ നിർമ്മാണവും റോഡിന്റെ നവീകരണവും നടക്കുന്നത്. ജോലിയുടെ ഭാഗമായി 16-ാം മൈലിൽ നിന്ന് മുറിഞ്ഞപാലം വഴി വേങ്ങോട്ടേക്കുള്ള ഗതാഗതവും നിരോധിച്ചു. പഴയപാലം പൊളിച്ചുമാറ്റി നിർമ്മാണത്തിനുള്ള ഷെഡും കമ്പിയും ഇറക്കിയിട്ടെങ്കിലും മറ്റ് ജോലികളൊന്നും ഇതുവരെ തുടങ്ങിയില്ല. കെ.ആർ. ഇലങ്കത്ത് എം.എൽ.എ ആയിരുന്നപ്പോൾ 1950ന് മുമ്പാണ് മുറിഞ്ഞപാലം നിർമ്മിച്ചത്.
പാലം ഇല്ലാതായപ്പോൾ പൊതുഗതാഗത സംവിധാനം പൂർണമായും നിലച്ചു. ഈ ഭാഗത്തേക്കുള്ള യാത്രകൾ അധികൃതർ വഴിതിരിച്ച് വിട്ടതോടെ മുറിഞ്ഞപാലത്തെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായി. കുറവിളാകം പാലം വഴി ചെമ്പകമംഗലം - വാളക്കാട് - സായിഗ്രാമം റോഡുവഴി ചുറ്റിത്തിരിഞ്ഞാണ് വാഹനയാത്രക്കാർ ഇപ്പോൾ ദേശീയപാതയിലും ആറ്റിങ്ങൽ ഭാഗത്തുമെത്തുന്നത്. തോന്നയ്‌ക്കൽ ഹയർസെക്കൻഡറി സ്‌കൂളും ഇടയാവണം ക്ഷേത്രവും മുറിഞ്ഞ പാലത്തിന് സമീപമാണ് സ്ഥിതിചെയ്യന്നത്. വേങ്ങോടിനും മുറിഞ്ഞപാലത്തിനുമിടയിലെ താമസക്കാർക്ക് ദേശീയപാതയിലെത്താൻ കാൽനട തന്നെ ആശ്രയം. മുറിഞ്ഞപാലത്തിനും 16-ാം മൈലിനും ഇടയ്‌ക്ക് താമസിക്കുന്നവർക്ക് ഇപ്പോൾ യാത്രാസൗകര്യങ്ങളില്ല. പൊതുഗതാഗതത്തെ ആശ്രയിച്ചിരുന്നവർക്ക് അധികച്ചെലവാണുള്ളത്. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടവും നിലച്ചു.
മുറിഞ്ഞപാലം
-----------------------------------
പഴയപാലം നിർമ്മിക്കുന്നതിന് മുമ്പ് മഴക്കാലത്ത് തോടിന് കുറുകെയുള്ള യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. തുടർന്ന് ഇവിടെ ചെറിയ പാലം നിർമ്മിച്ചു. ഈ പാലം മഴക്കാലത്ത് ഒലിച്ചുപോയതോടെയാണ് മുറിഞ്ഞപാലം എന്ന പേര് ലഭിച്ചത്.
പദ്ധതി തുക - 8 കോടി പഴയപാലം നിർമ്മിച്ചത് - 1950ന് മുമ്പ്
മുറിഞ്ഞപാലത്തെ പാലം പണിയും 16-ാം മൈൽ - വേങ്ങോട് - മങ്കാട്ടുമൂല റോഡ് പണിയും ഉടൻ പൂർത്തിയാക്കും. ആകെ എട്ടുകോടി രൂപയുടെ നിർമ്മാണമാണ് നടക്കുന്നത്. റോഡിന് 6 കോടിയും പാലത്തിന് 2 കോടിയുമാണുള്ളത്.
വി. ശശി. ഡെപ്യൂട്ടി സ്‌പീക്കർ