forest

കാഞ്ഞങ്ങാട്: മലയോര ഹൈവേയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകാത്ത വനം വകുപ്പ് ഹൈവേ കടന്നു പോകേണ്ട മരുതോം റോഡിൽ കെട്ടിടം പണിയുന്നു. ബളാൽ പഞ്ചായത്തിന്റ പരിധിയിൽ വരുന്ന മരുതോം തട്ടിലാണ് വന നിയമങ്ങൾ കാറ്റിൽ പറത്തി പുതിയ ബീറ്റ് ക്വാട്ടേഴ്സ് കെട്ടിടം പണിയുന്നത്. നിലവിലുള്ള ബീറ്റ് ക്വാർട്ടേഴ്സ് കെട്ടിടത്തിൽ നിന്നും നൂറ് മീറ്റർ മാറിയാണ് മലയോര ഹൈവേ കടന്നു പോകേണ്ട റോഡരികിൽ കെട്ടിടം നിർമ്മിക്കുന്നത്.
15 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വനത്തിലൂടെ റോഡും നിർമ്മിച്ച് തറയുടെ നിർമ്മാണ ജോലികളും തുടങ്ങി. അഞ്ചു സെന്റോളം വരുന്ന സ്ഥലത്തെ കൂറ്റൻ മരങ്ങളും ചൂരൽ കാടുകളും വെട്ടി മാറ്റി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മുറിച്ചു മാറ്റിയ മരങ്ങൾ മണ്ണിനടിയിൽ ഉറപ്പിച്ച നിലയിലാണ്. പടർന്നു പന്തലിച്ച ചൂരൽ വള്ളികൾ പൂർണ്ണമായും അറുത്തു മാറ്റിയ നിലയിലാണ്.
ബളാൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 89 നമ്പർ പ്രകാരം നിലവിൽ അധികം പഴക്കമില്ലാത്ത ഓടുമേഞ്ഞ ബീറ്റ് ക്വാർട്ടേഴ്സ് കെട്ടിടം നിലവിൽ ഉണ്ടെങ്കിലും മലയോര ഹൈവേ കടന്നു പോകേണ്ട വഴിയരികിൽ പുതിയ കെട്ടിടം പണിയുന്നത് റോഡ് വികസനത്തിന് തടസം സൃഷ്ടിക്കും എന്ന് നാട്ടുകാർ പറയുന്നു.

നിലവിൽ ഏഴ് മീറ്റർ വീതിയുള്ള റോഡിൽ മൂന്ന് മീറ്റർ മാത്രമാണ് ടാറിംഗ് ഉള്ളത്. ഇത് തന്നെ വൻ അപകട വളവുകളും ചെരിവുകളും ഉള്ളതാണ്. ഏഴ് മീറ്റർ റോഡ് പന്ത്രണ്ട് മീറ്റർ വീതിയാക്കിയാൽ മലയോര ഹൈവേ കടന്നു പോകുന്നതിന് ഉള്ള തടസ്സം നീങ്ങും. ഇതിന് സ്ഥലം വിട്ടു നൽകാൻ ഉള്ള നിയമ പരമായ ഒട്ടേറെ പ്രശ്നങ്ങൾ നില നിൽക്കുന്നതിനിടയിലാണ് വനം വകുപ്പ് മരുതോം തട്ടിൽ ബീറ്റ് ക്വാർട്ടേഴ്സ് കെട്ടിടം പണിയാൻ മരങ്ങളും മറ്റും വെട്ടി മാറ്റിയിരിക്കുന്നത്.
പുതിയ കെട്ടിടം നിർമ്മിക്കുന്നത് റോഡിനോട് ചേർന്ന് അഞ്ചു മീറ്റർ അരികിലാണ്. പഴയ കെട്ടിടം ഉള്ളത് നൂറ് മീറ്റർ അധികം ദൂരം മാറിയാണ്.
മലയോര ഹൈവേക്കു വേണ്ടി അവശ്യമായ ഭൂമി വിട്ടു നൽകാതെ ബീറ്റ് ക്വാർട്ടേഴ്സ് കെട്ടിടം പണിയുമായി മുന്നോട്ടു പോകാനാണ് വനം വകുപ്പിന്റെ തീരുമാനമെങ്കിൽ പുതിയ കെട്ടിടം പണി തടയാനാണ് ഈ പ്രദേശത്തുള്ളവരുടെ തീരുമാനം.
എന്നാൽ വനം വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും വന സംരക്ഷത്തിന് വേണ്ടിയാണ് ബീറ്റ് ക്വാർട്ടേഴ്സ് കെട്ടിടം പണിയുന്നത് എന്നും നിലവിലുള്ള കെട്ടിടം കാലപ്പഴക്കം നേരിട്ടതാണെന്നും ഡി.എഫ്.ഒ അനൂപ് കുമാർ പറഞ്ഞു. കൂടുതൽ സൗകര്യത്തിനു വേണ്ടിയാണ് ബീറ്റ് ക്വാർട്ടേഴ്സ് കെട്ടിടം റോഡിനോട് ചേർന്ന് നിർമ്മിക്കുന്നതെന്നും അനൂപ് കുമാർ പറഞ്ഞു.