kunn

മുക്കം: കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ സംസ്ഥാന പാതയോട് ചേർന്ന് അപകടകരമാം വിധം കുന്നിടിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുക്കം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പരിഷത്ത് പ്രവർത്തകർ സംഘം സ്ഥലം സന്ദർശിച്ചു. കുന്നിന്റെ ഒരു പകുതിയിൽ കാര്യമായ ഭാഗം കരിങ്കൽ ക്വാറി കാർന്നെടുക്കുകയും മറുപകുതി ഇപ്രകാരം ഇടിച്ചു നിരത്തുകയും ചെയ്യുന്നത് വൻ പാരിസ്ഥിതിക ആഘാതങ്ങൾക്ക് ഇടയാക്കും. അഞ്ചേക്കറോളമാണ് അനധികൃതമായി ഇടിച്ചു നിരത്തുന്നത്.
അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യത നിലനിൽക്കെ ഈ കുന്നിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാകാനും കുന്നിൻ ചെരിവിലെ നൂറുകണക്കിന് വീടുകൾക്ക് ഭീഷണിയാകാനും ഇട നൽകും വിധമുള്ള മണ്ണെടുപ്പ് അപകടം ക്ഷണിച്ചു വരുത്തലാണ്. കവളപ്പാറയിലെ പോലെ ദുരന്തം ആവർത്തിക്കാതിരിക്കാൻ സമീപവാസികളും നാട്ടുകാരും ഉടൻ ഉണർന്നു പ്രവർത്തിക്കണം. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത്, ഇവിടെ തുടരുന്ന പ്രവൃത്തികൾ ഉടനടി നിർത്തിവയ്പ്പിക്കാനും അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കുന്നിടിച്ചുനിരപ്പാക്കിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോടും ജില്ലാ കലക്ടർ, കാരശ്ശേരി പഞ്ചായത്ത്, കക്കാട് വില്ലേജ് അധികാരികളോടും ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പരിഷത്തിന്റെ പരിസര വിഷയ സമിതി ജില്ല കൺവീനർ വിജീഷ് പരവരി, മുക്കം മേഖല കൺവീനർ അഡ്വ. പി. കൃഷ്ണകുമാർ, ബോബി ജോസഫ്, സി. ദേവരാജൻ, പി.പി. രവീന്ദ്രൻ, പി.എൻ. അജയൻ, എം. മുഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.