രോഗം വന്നോട്ടെ, അതിനെ വരുതിയിലാക്കാൻ മരുന്നുണ്ടല്ലോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഇനിയെന്നോ വരാൻ പോകുന്ന രോഗത്തെ ആകറ്റാൻ വേണ്ടി ഞാൻ ഇപ്പോഴേ കരുതലെടുക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരും കുറവല്ല.
ഒരു ജീവിതമല്ലേയുള്ളൂ, അത് ആസ്വദിച്ചുകളയാമെന്ന് ചിന്തിച്ച് രോഗികളാകാൻ റെഡിയായി നിൽക്കുന്നവരും ധാരാളമാണ്. ഇവരോടെല്ലാം ഒന്നേ പറയാനുള്ളൂ,
ഒന്നുമാത്രമായ ജീവിതം ആസ്വദിക്കണമെങ്കിൽ ആരോഗ്യം കൂടിയേ തീരൂ...
രോഗമുണ്ടാക്കിയുള്ള ചികിത്സയല്ല രോഗചികിത്സ. പരമാവധി രോഗങ്ങളൊന്നും വരാത്തവിധം ജീവിക്കുകയും ഒരു പക്ഷേ രോഗമുണ്ടായിട്ടുണ്ടെങ്കിൽ അവ ചികിത്സിക്കുകയും അപ്പോഴും ആ ചികിത്സ കാരണം മറ്റൊരു രോഗവും ഉണ്ടാകാതിരിക്കുകയും വേണം.
രോഗചികിത്സ എന്നത് ആധുനിക കാലത്ത് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണെന്ന്. എങ്കിലും, ആരോഗ്യസംരക്ഷണത്തിനാണ് അധികം പ്രാധാന്യം നൽകേണ്ടത്.
ആരോഗ്യസംരക്ഷണത്തിനുള്ള ഉപാധികളിൽ സമീകൃതവും വൈവിദ്ധ്യമുള്ളതുമായ ആഹാരവും ദിനചര്യയും വ്യായാമവും കാലാവസ്ഥയ്ക്കനുസരിച്ചുള്ള ജീവിതവും പ്രാധാന്യമർഹിക്കുന്നതാണ്.
ഇവയെല്ലാം ജീവിക്കുന്ന ചുറ്റുപാടിനും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും പ്രായത്തിനും സാഹചര്യത്തിനുമനുസരിച്ച് മാറാവുന്നതുമാണ്.
പകൽ ഉപയോഗിക്കേണ്ട ഭക്ഷണം രാത്രിയിൽ കഴിക്കുന്നതും രാത്രി ഉറങ്ങി ശീലമുള്ളവർ രാത്രി ജോലിക്ക് പോകേണ്ടിവരുന്നതും ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണം കഴിച്ചയുടനെ കിടന്നുറങ്ങുന്നതും രോഗങ്ങളെ ക്ഷണിക്കാതെ തന്നെ
വിളിച്ചു വരുത്തുന്ന കാരണങ്ങളാണ്.
ഉണർന്നെഴുന്നേൽക്കേണ്ട സമയത്ത് മൂടിപ്പുതച്ച് ഉറങ്ങുന്നതും ഉറങ്ങേണ്ട സമയത്ത് മൊബൈൽ ഫോണിന്റെയും ടിവിയുടെയും കംപ്യൂട്ടറിന്റെയും മുന്നിലിരിക്കുന്നതും മഴക്കാലത്തും വേനൽക്കാലത്തും ആവശ്യമായ വ്യത്യാസങ്ങൾ വരുത്താതെയുള്ള ജീവിതവുമെല്ലാം രോഗത്തിനിടയാക്കും.
അമിതഭക്ഷണം, സമയം തെറ്റി കഴിക്കുന്നത്, കഴിച്ചുകൂടാത്തവ കഴിക്കുന്നത്, വ്യായാമം തീരെ ഇല്ലാതിരിക്കുന്നത്, വ്യായാമം അധികമാകുന്നതും രോഗകാരണം തന്നെ.
ജീവിക്കുന്ന പ്രദേശത്തിനനുസരിച്ച് പലകാര്യങ്ങൾക്കും മാറ്റമുണ്ടാകുമല്ലോ? ഭക്ഷണം, വ്യായാമം,വസ്ത്രം എന്നിവയുൾപ്പെടെ. അവ തെറ്റിക്കാൻ ശ്രമിക്കുന്നതും രോഗത്തെയുണ്ടാക്കും. അപകടത്തെത്തുടർന്നുണ്ടാകുന്ന ഒടിവോ, ചതവോ, മുറിവോ പോലെയല്ല മറ്റ് രോഗങ്ങൾ.
രോഗകാരണങ്ങൾ പതിവായി ശീലിക്കുമ്പോൾ പ്രവർത്തനപരമായ വ്യത്യാസങ്ങൾ ശരീരത്തിലുണ്ടാകുകയും അവ പിന്നീട് ഘടനാപരമായ വ്യത്യാസത്തെ ഉണ്ടാക്കുകയും ചെയ്യും. രോഗത്തിന്റെ സ്വഭാവവും തീവ്രതയും ഈ ഘടകങ്ങളെ കൂടി ആശ്രയിച്ചിരിക്കും.
രോഗ ചികിത്സയ്ക്ക് അത്യാവശ്യമെങ്കിൽ മാത്രം മരുന്ന് ഉപയോഗിച്ചാൽ മതി. അല്ലാത്തപ്പോൾ രോഗകാരണങ്ങളെ ഒഴിവാക്കി നല്ല ശീലങ്ങൾക്ക് പ്രാധാന്യം നൽകണം. അടിയന്തരഘട്ടമല്ലെങ്കിൽ ഏറ്റവും വീര്യംകുറഞ്ഞ മരുന്നുകൾ മാത്രമേ ഉപയോഗിക്കാവൂ. ചികിത്സ എന്നത് ചികിത്സിക്കുന്ന അസുഖത്തെ ശമിപ്പിക്കുന്നതും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ കാരണം മറ്റ് അസുഖങ്ങളൊന്നുമുണ്ടാകാത്തതും ശുദ്ധവും ഗുണപ്രദവും ഹാനികരമല്ലാത്തതും ആയിരിക്കണം.
ഏറ്റവും വീര്യം കുറഞ്ഞ മരുന്നുകൾ കൊണ്ട് രോഗത്തെ ശമിപ്പിക്കാൻ സാധിക്കാതെ വന്നാൽ മാത്രമേ വീര്യം കൂടിയ മറ്റ് മരുന്നുകൾ ഉപയോഗിക്കാവു. അവിടെയും രോഗത്തിന്റെ ബലം എത്രമാത്രമുണ്ടെന്ന് പരിശോധിക്കുന്ന ശ്രദ്ധയോടെ രോഗിയുടെ ബലവും പരിഗണിക്കേണ്ടതുണ്ട്. രോഗിയുടെ ആരോഗ്യത്തിന് ഒട്ടും പ്രാധാന്യം നൽകാതെ വളരെ വീര്യമുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അവ രോഗശമനത്തെ നൽകില്ലെന്ന് മാത്രമല്ല അപകടകരവുമാണ്.