1





നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പൊതുശ്മശാനം നിർമ്മിക്കുന്ന പ്രഖ്യാപനം അനിശ്ചിതത്വത്തിലായതോടെ മൃതദേഹം സംസ്കരിക്കാനായി ജനങ്ങൾ വലയുന്നു. ശ്മശാനം ഇല്ലാത്തത് കാരണം നിർദ്ധന വിഭാഗത്തിൽപ്പെട്ടവരുടെ ഉറ്റവർ മരണപ്പെട്ടാൽ മറവു ചെയ്യുന്നതിന് ബുദ്ധിമുട്ടേറെയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മാറി മാറി വരുന്ന ഭരണസമിതികൾ നെയ്യാറ്റിൻകരയിൽ ശ്മശാനം നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും അവ ഇനിയും നടപ്പിലായിട്ടില്ല. നെയ്യാറ്റിൻകരയിൽ വിവിധ സമുദായങ്ങൾക്ക് വെവേറെ ശ്മശാനങ്ങൾ നിലവിലുണ്ട്.എന്നാൽ നിർദ്ധന വിഭാഗത്തിൽപ്പെട്ട ആർക്കും തന്നെ ശ്മശാനം ഇല്ല.

പാവങ്ങൾക്ക് വേണ്ടി നിർമ്മിക്കാനിരുന്ന ശ്മശാനത്തിൽ ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെ സ്ഥാപിക്കുമെന്നാണ് എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു പോയ ഭരണസമിതികൾക്കൊന്നുമായില്ല. പുതിയ ഭരണ സമിതി അധികാരത്തിലെത്തിയെങ്കിലും ശ്മശാനം നിർമ്മിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമൊന്നുമായിട്ടില്ല.

ശ്മശാനത്തിനായി സ്ഥാപിച്ച ശിലാഫലകം സാമൂഹിക വിരുദ്ധന്മാർ കടത്തികൊണ്ടുപോയിട്ടും നടപടിയില്ല. 2019 കെ.ആൻസലൻ എം.എൽ.എ സ്ഥാപിച്ച ശിലാഫലകമാണ് ചില സാമൂഹിക വിരുദ്ധന്മാർ കടത്തികൊണ്ടുപോയത്. പാർട്ടിക്കുളളിലെ ചിലരുടെ എതിർപ്പാണ് ശിലാഫലകം കടത്തികൊണ്ടുപോയതിനുള്ള കാരണമെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് നഗരസഭാ സെക്രട്ടറിയ്ക്ക് പൊലീസിൽ പരാതിപ്പെടാമായിരുന്നെങ്കിലും അതിനൊന്നും സെക്രട്ടറിയും അവരൊന്നും തയ്യാറായില്ല.

*വീടിനുള്ളിൽ അന്ത്യ വിശ്രമം

ഉറ്റവർ മരണപ്പെട്ടുകഴിഞ്ഞാൽ മൃതദേഹങ്ങൾ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ അടക്കം ചെയ്യുകയാണ് പതിവ്. പണമില്ലാത്തത് കാരണം അത്രയും ദൂരം കൊണ്ടു പോകാതെ വീടുകൾ പൊളിച്ച് അതിനുള്ളിൽ മൃതദേഹങ്ങൾ മറവു ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വെളിച്ചം കാണാതെ പദ്ധതി

നെയ്യാറ്റിൻകരയിൽ പെരുമ്പഴുതൂരിനടുത്ത് അയണിയറത്തലയിൽ ശ്മശാനം നിർമ്മിക്കുന്നതിന് വേണ്ടി 2017 ൽ 60 സെന്റ് സ്ഥലം സർക്കാർ ഏറ്രെടുത്തിരുന്നു. അത്യാധുനിക രീതിയിലുള്ള ശ്മശാനം നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ഇവിടെ ഒരു വിഭാഗം ജനങ്ങൾക്ക് ജോലി വാഗ്ദാനവും അന്നത്തെ ഭരണകർത്താക്കൾ നൽകിയിരുന്നു.

*പദ്ധതിക്ക് വേണ്ടി ഫണ്ടും

1 കോടി 25 ലക്ഷം രൂപ വകയിരുത്തിയാണ് അന്ന് ശ്മശാനം നിർമ്മിക്കാൻ തുടക്കം കുറിച്ചത്.

*ആകെ നടന്നത് - 15 ലക്ഷം രൂപ മുടക്കി വസ്തുവിൽ ചുറ്റു മതിൽ മാത്രമാണ് കെട്ടിയിട്ടുള്ളത്.

ശ്മശാനം നിർമ്മിക്കാൻ അധികൃതർ അടിയന്തരമായി തയ്യാറാകണം

ഗ്രാമം പ്രവീൺ, കൃഷ്ണപുരം വാർഡ് കൗൺസിലർ