പാലോട്: ഗുണനിലവാരമുള്ള ശുദ്ധമായ കുടിവെള്ളം ജനങ്ങളിലെത്തിക്കണം എന്ന ലക്ഷ്യത്തോടെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ 2009 ൽ പ്രഖ്യാപിച്ച് നടപ്പിലാക്കിയ 60 കോടിയുടെ നന്ദിയോട്, ആനാട് കുടിവെള്ള പദ്ധതിക്ക് പുതുജീവൻ. 16 കോടി രൂപ കൂടി സർക്കാർ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് വേണ്ട വർക്ക് ഓർഡർ രണ്ടു ദിവസത്തിനുള്ളിൽ ലഭ്യമാകും. രണ്ടാംഘട്ടത്തിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആനക്കുഴിയിൽ പഞ്ചായത്ത് 7 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 15 സെന്റ് സ്ഥലത്ത് പത്ത് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമ്മിക്കും. കൂടാതെ 630 കെ.വി, 250 കെ.വി. കപ്പാസിറ്റിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്.കൂടാതെ നന്ദിയോട് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിനായി 63 കിലോമീറ്റർ ഗാർഹിക ശുദ്ധജല പൈപ്പുകളും സ്ഥാപിച്ച് കുടിവെള്ളമെത്തിക്കും. പാലോട്ടെ പബിംഗ് സ്ഥലത്ത് 80 എച്ച്.പി പമ്പും ഇതോടൊപ്പം സ്ഥാപിക്കും. അടുത്ത രണ്ടു ഘട്ടങ്ങളിലായി ആലുങ്കുഴി, താന്നിമൂട്, ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും നടക്കും.നിലവിൽ സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ലാഷ്‌മിക്സർ, ക്ലാരി ഫയർഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. പാലോട്ടെ പമ്പ് ഹൗസ് നിർമ്മാണവും പൂർത്തിയായി. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനായി ഇതോടൊപ്പം ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനിടെ നന്ദിയോട്, ആനാട് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും അധീനതയിലുള്ള റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി പഞ്ചായത്ത് സെക്രട്ടറിമാർക്ക് വാട്ടർ അതോറിട്ടി അസി.എക്സിക്യൂട്ടീവ് എൻജിനിയർ കത്ത് നൽകി. അനുമതി ലഭിച്ചാൽ ഉടൻ തന്നെ പൈപ്പിടൽ ജോലി ആരംഭിക്കും.
പദ്ധതിയെക്കുറിച്ച്
പുനരാരംഭിച്ചത് - 11 വർഷമായി മുടങ്ങിക്കിടന്ന പദ്ധതി
പദ്ധതി ചെലവ് -60 കോടി
ഇപ്പോൾ അനുവദിച്ചത് - 16 കോടി രൂപ
പദ്ധതി വരുന്നതോടെ - നന്ദിയോട് പഞ്ചായത്തിലെ 90 ശതമാനം കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും
പദ്ധതി മൂന്ന് ഘട്ടമായി
മൂന്ന് ഘട്ടങ്ങളിലായാണ് ഇനിയുള്ള നിർമ്മാണം
ഒന്നാം ഘട്ടമായി പാലോടുള്ള പ്രധാന പമ്പ് ഹൗസിൽ നിന്നും നന്ദിയോടുള്ള സ്റ്റോറേജ് പ്ലാന്റിലേക്ക് പൈപ്പിടൽ
ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നു
എട്ടരക്കോടി രൂപ ചെലവിട്ട് ആദ്യഘട്ടത്തിൽ ഗാർഹിക കുടിവെള്ള കണക്ഷനും വൈദ്യുതീകരണവും ദൃതഗതിയിൽ പുരോഗമിക്കുകയാണ്. ബാക്കിയുള്ള പ്രവൃത്തികൾക്കുള്ള തുകയും അനുവദിച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി പ്രവർത്തികൾ പൂർത്തിയാക്കും.
ഡി.കെ. മുരളി എം.എൽ.എ
നന്ദിയോട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായ ഈ പദ്ധതി അവസാന ഘട്ടത്തിലാണ്. ജനപ്രതിനിധികളുടെ ഒത്തൊരുമയിൽ എത്രയും വേഗം പദ്ധതി പൂർത്തീകരിക്കും.
പി.എസ്. ബാജിലാൽ
വൈസ് പ്രസിഡന്റ്, നന്ദിയോട് പഞ്ചായത്ത്
ഏറെ വിവാദങ്ങൾക്കൊടുവിലാണ് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തുന്നത്. രാഷ്ട്രീയത്തിനതീതമായി ജനങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾക്കാണ് പ്രാമുഖ്യം നൽകുന്നത്.
എസ്.ബി. അരുൺ, മെമ്പർ,
നന്ദിയോട് ഗ്രാമപഞ്ചായത്ത്