arif-mohammed-khan

തിരുവനന്തപുരം: പൗരത്വ ഭേദഗതിയിലും, കാർഷിക നിയമത്തിലും കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാനുള്ള സംസ്ഥാന നീക്കത്തെ എതിർത്തിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ മുഴുവൻ നിയമസഭയിൽ വായിച്ചു. പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോൾ, ഇത് ഭരണഘടനാപരമായ തന്റെ ബാദ്ധ്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാർഷിക നിയമം, പൗരത്വ പ്രശ്നം, ഫെഡറൽ സംവിധാനത്തെ മാനിക്കാതിരിക്കൽ, ജി.എസ്.ടി വിഹിതം യഥാസമയം നൽകാതിരിക്കൽ തുടങ്ങി കേന്ദ്രനിലപാടുകളെയും നയങ്ങളെയും എണ്ണിയെണ്ണി വിമർശിക്കുന്നതാണ് ഇടതുമുന്നണി സർക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനം. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തെ ശക്തമായി ന്യായീകരിച്ചിട്ടുമുണ്ട്.

സംസ്ഥാനത്തിന്റെ അവകാശങ്ങൾ ലംഘിക്കുന്ന നിരവധി നിയമനിർമ്മാണം കേന്ദ്രം നടത്തിയിട്ടുണ്ട്. വിവാദമായ ലേബർ കോഡും കാർഷിക നിയമങ്ങളുമാണ് ഇൗ ശ്രേണിയിലെ ഏറ്റവും പുതിയത്. കാർഷിക നിയമങ്ങൾ നിയന്ത്രിത വിപണികളെയും താങ്ങുവിലയും ഇല്ലാതാക്കും. കോർപറേറ്റ് ഇടനിലക്കാർക്ക് വിലപേശൽ അധികാരം നൽകും. പൂഴ്‌ത്തിവയ്പും കൊള്ളലാഭവുന ഉണ്ടാകും- കേന്ദ്രത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിലെ ഈ വരികൾ നയപ്രഖ്യാപനത്തിലുമുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തിക തകർച്ചയോടുള്ള കേന്ദ്രത്തിന്റെ പ്രതികരണം പര്യാപ്തമായില്ല. പൂർണമായ ജി.എസ്.ടി നഷ്ടപരിഹാരത്തിനായി 2023വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സംസ്ഥാനങ്ങൾക്കുള്ള അധികവായ്പയിൽ മുമ്പെങ്ങുമില്ലാത്തവിധം നിബന്ധനകളുമേർപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഭരണഘ‌ടനയുടെ സീമകൾ ലംഘിക്കുകയും സംസ്ഥാനത്തെ മുൻനിര പദ്ധതികൾക്കും വികസനങ്ങൾക്കും വിഘാതമുണ്ടാക്കുകയും ചെയ്തു. ഇത് സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർത്തു. 2019ലെ പൗരത്വനിയമഭേദഗതി സമൂഹത്തിലെ വലിയ വിഭാഗങ്ങൾക്കിടയിൽ ഭയാശങ്കകളുണ്ടാക്കി. സാധാരണക്കാർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന കെ. ഫോൺ പദ്ധതി നിക്ഷിപ്ത താത്പര്യക്കാർ തടസപ്പെടുത്താൻ നോക്കിയെങ്കിലും, പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്രത്തിന്റെ വികലമായ നയം മൂലമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വില്പന വിലയിൽ അനിയന്ത്രിതമായ പെരുപ്പമുണ്ടായത്. കടൽത്തീര സംരക്ഷണത്തിൽ കേന്ദ്ര സർക്കാർ നിഷേധ നിലപാടാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.