ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന് നാളെ എൺപത്തിയൊന്നാം പിറന്നാൾ. അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ഈണവും താളവുമായി ചുണ്ടിലും മനസിലും തങ്ങിനിൽക്കുകയാണ് യേശുദാസ്. ഒമ്പതാം വയസിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും സംഗീതപ്രേമികളുടെ ഹൃദയസരസിൽ ഒഴുകിക്കൊണ്ടേയിരിക്കുന്നു. എൺപത്തിയൊന്നാം വയസിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി തുടർന്ന പതിവ് ഇത്തവണ ഉണ്ടാകില്ല. കുടുംബത്തോടൊപ്പം യു.എസിലായതിനാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ജന്മദിനാഘോഷവും യേശുദാസിന്റെ ഗാനാർച്ചനയും ഇല്ലാതെയാണ് ഈ പിറന്നാൾദിനം കടന്നുപോകുന്നത്.
സംഗീതജ്ഞനായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോർട്ട്കൊച്ചിയിൽ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ.യേശുദാസിന്റെ ജനനം. ശാസ്ത്രീയ സംഗീതത്തോട് അതും കർണ്ണാടക സംഗീതത്തോട് വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. ബാല്യകാലത്ത് താൻ അനുഭവിച്ച ദുരിതങ്ങളെ പറ്റി യേശുദാസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അഗസ്റ്റിൻ ജോസഫ് വളരെ അദ്ധ്വാനിച്ചു. 1945 ജൂണിൽ ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നുകൊണ്ടാണ് യേശുദാസ് വിദ്യാഭ്യാസം ആരംഭിച്ചത്. സ്കൂൾ പാഠപുസ്തകത്തിലെ കവിതകൾ ആലപിച്ചും മറ്റും വളരെ പെട്ടെന്നുതന്നെ അദ്ദേഹം കൂട്ടുകാർക്കിടയിൽ പേരെടുത്തു. എന്നാൽ, അധികമായ വികൃതിയെത്തുടർന്ന് അദ്ദേഹത്തെ ബ്രിട്ടോ സ്കൂളിൽ നിന്ന് പുറത്താക്കി. തുടർന്ന്, പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ചേർന്ന അദ്ദേഹം തുടർന്നുള്ള സ്കൂൾ വിദ്യാഭ്യാസം മുഴുവൻ അവിടെയാണ് നടത്തിയത്. അച്ഛൻ പഠിപ്പിച്ച പാഠങ്ങൾ മനസിൽ ധ്യാനിച്ച് യേശുദാസ് 1949ൽ ഒമ്പതാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർക്കിടയിൽ ദാസപ്പൻ എന്ന ഓമനപ്പേരും ലഭിച്ചു. തിരുവനന്തപുരത്തെ മ്യൂസിക് അക്കാഡമി, തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച് കർണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.
സിനിമയിൽ ആദ്യ ഗാനം
സംഗീത പഠനം കഴിഞ്ഞയുടൻ 'നല്ല തങ്ക' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. നിരാശനാകാതെ ദാസ് പരിശ്രമിച്ചു കൊണ്ടേയിരുന്നു. തന്റെ 22-ാം വയസിൽ 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകൾ"എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം...' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റെക്കോഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്.
സ്വര പ്രപഞ്ചം
ആദ്യ ഗാനം യേശുദാസിന് സമ്മാനിച്ചത് നീണ്ട സംഗീത യാത്രയായിരുന്നു. ഇതിനിടയിൽ ഈ മഹാഗായകൻ പാടിത്തീർത്തത് എഴുപതിനായിരത്തലേറെ ഗാനങ്ങൾ. 60, 70, 80 കാലഘട്ടങ്ങളിൽ യേശുദാസും സംഗീത സംവിധായകരായ എം.എസ്.ബാബുരാജ്, ജി.ദേവരാജൻ, ദക്ഷിണാമൂർത്തി, സലീൽ ചൗധരി, രവീന്ദ്രൻ മാസ്റ്റർ, എം.ജി.രാധാകൃഷ്ണൻ, ജെറി അമൽദേവ് തുടങ്ങിയ സംഗീതജ്ഞരുടെ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം ശ്രദ്ധ നേടി.
ഹരിവരാസനം
യേശുദാസിന്റെ ഹരിവരാസനത്തിനു എത്രയോ കാലങ്ങൾക്കു മുൻപു തന്നെ ഈ കീർത്തനം ഇവിടെ ആലപിച്ചിരുന്നു.
ഹരിവരാസനം റീ റെക്കാഡിംഗ് നടത്തണം എന്ന തീരുമാനം വന്നപ്പോൾ സ്വാമി അയ്യപ്പൻ എന്ന സിനിമയിൽ യേശുദാസ് ആലപിച്ച ഹരിവരാസനം എന്ന ഗാനം ക്ഷേത്രത്തിൽ അത്താഴപൂജയ്ക്കു ശേഷം കേൾപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അവിടുന്നിങ്ങോട്ട് ശബരിഗിരിയാകെ എല്ലാ രാവിലും ഈ ഹരിവരാസനത്തിൽ ലയിക്കുകയാണ്. അയ്യപ്പ ഭക്തരുടെ മാത്രമല്ല, സംഗീത ആസ്വാദകരുടെ ആകെ പ്രിയപ്പെട്ടതായി മാറി യേശുദാസിന്റെ ഹരിവരാസനം.
പുരസ്കാരനിറവിൽ
പത്മവിഭൂഷൺ, 2017
പത്മഭൂഷൺ, 2002
പത്മശ്രീ, 1973
ഡി.ലിറ്റ്, കേരളാ സർവകലാശാല, 2003
ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
സംഗീത നാടക അക്കാഡമി പുരസ്കാരം, 1992
ഉഡുപ്പി, ശൃംഗേരി, രാഘവേന്ദ്ര മഠങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
ഗാന ഗന്ധർവൻ
എട്ടു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം
കേരള സംസ്ഥാന പുരസ്കാരം 25 പ്രാവശ്യവും
തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം എട്ടു തവണ
കർണാടക സർക്കാരിന്റെ പുരസ്കാരം അഞ്ചു തവണ
ആന്ധ്രപ്രദേശ് സർക്കാരിന്റെ ആറു തവണ
പശ്ചിമ ബംഗാൾ സർക്കാരിന്റെ ഒരു തവണ
കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,2011
സ്വരലയ പുരസ്കാരം
ഒരു പക്കാ നാടൻ പ്രേമത്തിലെ
ദാസേട്ടന്റെ ഗാനം നാളെ റിലീസ്
നവാഗതനായ വിനോദ് നെട്ടത്താണി സംവിധാനം ചെയ്യുന്ന 'ഒരു പക്കാ നാടൻ പ്രേമം' എന്ന ചിത്രത്തിനായി യേശുദാസ് പാടിയ ഗാനം ചലച്ചിത്ര സംവിധായകനും നടനുമായ രമേഷ് പിഷാരടി നാളെ രാവിലെ 10ന് സി.ഡി പ്രകാശനം ചെയ്ത് ഡിജിറ്റിൽ ലോിലൂടെ മലയാളികളിൽ എത്തിക്കുന്നു. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻസിത്താര ഈണം പകർന്ന് പുറത്തിറങ്ങുന്ന ഗാനം ആറാം തമ്പുരാനിലെ 'ഹരിമുരളീരവം', വടക്കുംനാഥനിലെ 'ഗംഗേ' എന്നീ ഗനങ്ങൾക്ക് ശേഷം മലയാളികൾക്ക് പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക.