തിരുവനന്തപുരം: കൊവിഡ് വാക്സിനേഷൻ റിഹേഴ്സലായ ഡ്രൈ റൺ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്നലെ വിജയകരമായി നടത്തി. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടത്തിയത്.
രാവിലെ 9 മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് പങ്കെടുത്തത്. കൊവിഡ് വാക്സിനേഷൻ നൽകുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു റിഹേഴ്സൽ.
വാക്സിൻ എപ്പോൾ എത്തിയാലും അതിവേഗം വിതരണം ചെയ്യാൻ സംസ്ഥാനം തയ്യാറാണെന്ന്
മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വാക്സിൻ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സജ്ജമാക്കി വരുന്നു.
കോഴിക്കോട് ജില്ലയിലായിരുന്നു ഇന്നലെ ഡ്രൈ റൺ കൂടുതൽ, അഞ്ചു കേന്ദ്രങ്ങളിൽ. തിരുവനന്തപുരം ജില്ലയിൽ പാറശാല താലൂക്ക് ആശുപത്രി, അരുവിക്കര കുടുംബാരോഗ്യ കേന്ദ്രം, നിംസ് ആശുപത്രി എന്നിവിടങ്ങളിലായിരുന്നു.
വാക്സിന് രജിസ്റ്റർ ചെയ്തത് 3.50 ലക്ഷം
കൊവിഡ് വാക്സിനായി 3,54,897 പേരാണ് ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിൽ 1,67,751 പേരും സ്വകാര്യ മേഖലയിൽ 1,87,146 പേരും. സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ജീവനക്കാരുടെയും കനിവ് 108 ആംബുലൻസിലെ 1344 ജീവനക്കാരുടെയും രജിസ്ട്രേഷൻ നടന്നുവരികയാണ്.