arif-mohammed-khan

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ- മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വിധവകളുടെ മക്കൾക്കും മാതാപിതാക്കൾ നഷ്ടമായവർക്കും ശ്രീനാരായണഗുരു നവോത്ഥാന സ്കോളർഷിപ്പ് എന്ന പേരിൽ സർക്കാർ വിദ്യാഭ്യാസ ധനസഹായം നൽകും.

ഒരു ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിധവകളുടെ പെൺമക്കൾക്കും മാതാപിതാക്കളെ നഷ്ടമായ പെൺകുട്ടികൾക്കും വിവാഹ ധനസഹായം നൽകുമെന്നും നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരിപ്പിച്ച പിണറായി സർക്കാരിന്റെ അവസാന നയപ്രഖ്യാപനത്തിൽ പറയുന്നു. 2021-22 വർഷം 20,000 പട്ടയങ്ങൾ നൽകുമെന്നതാണ് മറ്റൊരു പ്രഖ്യാപനം.

സർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കാർഷിക നിയമങ്ങളിലടക്കം കേന്ദ്രനയങ്ങളെ വിമർശിച്ചുമുള്ള ഗവർണറുടെ പ്രസംഗത്തോടെ, പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. സ്പീക്കർക്കും സർക്കാരിനുമെതിരെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം, വരാനിരിക്കുന്ന പ്രക്ഷോഭ ദിനങ്ങളുടെ സൂചന നൽകി. ബഹളത്തിനിടയിൽ ഗവർണർ പ്രസംഗം തുടർന്നതോടെ സഭ ബഹിഷ്കരിച്ച പ്രതിപക്ഷാംഗങ്ങൾ നയപ്രഖ്യാപനം തീരുംവരെ സഭാകവാടത്തിൽ കുത്തിയിരുന്നു.

കൊവിഡ് കാലത്തേതടക്കം സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ വിസ്തരിക്കുന്ന ഗവർണറുടെ പ്രസംഗം രണ്ടു മണിക്കൂർ 11 മിനിറ്റ് നീണ്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിന് ജനങ്ങളുടെ വിശ്വാസം വീണ്ടും നേടിയെടുക്കാനായെന്നു വ്യക്തമാക്കിയ ഗവർണർ, ചില കേന്ദ്ര ഏജൻസികളുടെ പ്രവർത്തനങ്ങൾ ഭരണഘടനാ സീമകൾ ലംഘിക്കുകയും സംസ്ഥാനത്തിന്റെ മുൻനിര പദ്ധതികൾക്കും വികസനത്തിനും വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് വിമർശിച്ചു.

കേന്ദ്രസർക്കാരിന്റെ നയസമീപനങ്ങളെ വിമർശിക്കുന്ന 43 മുതൽ 47വരെയുള്ള ഖണ്ഡികകൾ അതേപടി വായിച്ച ഗവർണർ, കഴിഞ്ഞ നയപ്രഖ്യാപനവേളയിൽ കൈക്കൊണ്ട കടുത്ത നിലപാടിൽ നിന്ന് അയഞ്ഞതിന്റെ സൂചന നൽകി. കഴിഞ്ഞ വർഷം പൗരത്വനിയമ ഭേദഗതിക്കെതിരായ വിമർശനം, തന്റെ വിയോജിപ്പ് പരസ്യമാക്കി ഗവർണർ വായിച്ചത് വിവാദമായിരുന്നു.

കസവു മുണ്ടും ഷർട്ടും ധരിച്ചെത്തിയ ഗവർണറെ രാവിലെ 8.55ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഗവ. ചീഫ് വിപ്പ് കെ. രാജനും ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയും ചേർന്നാണ് സ്വീകരിച്ചത്. പ്രതിപക്ഷം സഭ വിട്ടെങ്കിലും ബി.ജെ.പി അംഗം ഒ. രാജഗോപാൽ സഭയിൽത്തന്നെ ഇരുന്നു. ഗവർണർ ബി.ജെ.പിക്കാരനെന്നാരോപിച്ച് സഭ വിട്ടിറങ്ങിയ സ്വതന്ത്രാംഗം പി.സി. ജോർജ്, സഭാകവാടത്തിലെ പ്രതിപക്ഷസമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെങ്കിലും അവർക്കൊപ്പം ഇരുന്നില്ല. യു.ഡി.എഫിനോട് അടുക്കുന്നതിന്റെ സൂചന ഇതിലൂടെ ജോർജ് നൽകി.