പൂവാർ: കരുംകുളം പഞ്ചായത്തിൽ പള്ളത്ത് പ്രവർത്തിക്കുന്ന ഫിഷ് മാർക്കറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. ഇതോടെ നാളുകളായി പള്ളിയുടെ മേൽനോട്ടത്തിൽ നടക്കുന്ന മാർക്കറ്റ് ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുവന്നു. പൂവാർ, പുതിയതുറ, അടിമലത്തുറ എന്നീ മാർക്കറ്റുകൾക്ക് തുല്യമായി പ്രവർത്തിച്ചിരുന്ന പള്ളം മാർക്കറ്റിന്റെ മേൽനോട്ടം നടത്തിയിരുന്നത് സമീപത്തെ പള്ളിയാണ്. പള്ളിതന്നെ മാർക്കറ്റ് സൗകര്യപ്രദമായി നടക്കാൻ വേണ്ടി പ്ലാറ്റ്ഫോം കെട്ടി നൽകി. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവും ഒരുക്കി. വൃത്തിയുടെ കാര്യത്തിലും വളരെ ശ്രദ്ധപുലർത്തി. ഇതോടെ മറ്റ് മാർക്കറ്റിൽ വ്യാപാരം നടത്തിവന്ന അന്യസംസ്ഥാന കച്ചവടക്കാർ ഇവിടേക്ക് എത്താൻ തുടങ്ങി. അങ്ങനെ അതൊരു ഹോൾസെയിൽ മാർക്കറ്റായി മാറി. അതോടെ തിരക്കും വർദ്ധിച്ചു.
മാർക്കറ്റ് നിയന്ത്രിക്കുന്ന പള്ളി, മാർക്കറ്റ് നടത്തിപ്പിനായി നിശ്ചിത തുകയ്ക്ക് സ്വകാര്യ വ്യക്തിക്ക് ലേലത്തിൽ നൽകിയിരുന്നു. മാർക്കറ്റിലെ മാലിന്യം നടത്തിപ്പുകാർതന്നെ സംസ്കരിക്കണം എന്ന നിബന്ധനയോടെയാണ് ലേലം നടത്തുന്നത്. നാളിതുവരെ ഈ നിബന്ധന പാലിക്കാറുമുണ്ട്. വളരെ കാര്യക്ഷമമായാണ് മാർക്കറ്റ് നടക്കുന്നതെന്നാണ് നാട്ടുകാരും പറയുന്നത്. ഈ മാർക്കറ്റ് വിപുലമായതോടെ മറ്റ് മാർക്കറ്റുകളിൽ കച്ചവടം നന്നെ കുറഞ്ഞു.ഇതിൽ വെറളിപൂണ്ട ചില സ്വകാര്യവ്യക്തികൾ കോടതിയിൽ വ്യാജപരാതി നൽകിയെന്നാണ് പൊതുജനത്തിന്റെ ആക്ഷേപം.
വൃത്തിയുണ്ട് ,എന്നിട്ടും
പ്രധാന മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന പ്രദേശത്ത് ചീഞ്ഞ മീനുകളോ മറ്റ് മാലിന്യങ്ങളോ ഉപേക്ഷിക്കാൻ പാടില്ലെന്നാണ് ഇടവകയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ബോർഡുകളാണ് ഇടവക സ്വന്തം ചിലവിൽ സ്ഥാപിച്ചിട്ടുള്ളത്. തീരദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗവുമായി ബന്ധപ്പെട്ട് പ്രധാനഘടകമാണ് ഈ മാർക്കറ്റ്.ഈ മാർക്കറ്റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് കോടതി ഉത്തരവ്..
തുടർന്ന് കരുംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മാർക്കറ്റ് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി.
കൊവിഡ് വ്യാപനം ഇവിടം മുതൽ
അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി വാഹനങ്ങൾ മത്സ്യവുമായി ഇവിടെ എത്താറുണ്ട്.. കൊവിഡ് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്ന ഗ്രാമപഞ്ചായത്താണ് കരുംകുളം. ഈ അവസരത്തിൽ ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ വീണ്ടും അന്യസംസ്ഥാന വാഹനങ്ങൾ ഇവിടേക്ക് എത്തിത്തുടങ്ങി.. ഇത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു..
ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെ ചന്തയുടെ പ്രവർത്തനം
നിരോധിക്കാനല്ലാതെ ഏറ്റെടുക്കാൻ നിർവാഹമില്ല..
ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ബി.സന്തോഷ്