arif-mohammad-khan

തിരുവനന്തപുരം: ലോകമാകെ പ്രശംസിച്ച സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിലൂടെ ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമാക്കി കുറയ്ക്കുമെന്ന് സർക്കാരിന്റെ നയപ്രഖ്യാപനം.

പൊതുമേഖല, തദ്ദേശ, ആരോഗ്യ സ്ഥാപനങ്ങളുടേയും സാമൂഹ്യസന്നദ്ധസേവകരുടേയും, സർക്കാർ ഉദ്യോഗസ്ഥരുടേയും സഹകരണത്തോടെ മഹമാരിയുടെ വ്യാപനം തടയും. നിലവിൽ പത്ത് ശതമാനത്തിലേറെയാണ് രോഗവ്യാപന നിരക്ക്. മരണനിരക്ക് 0.4ശതമാനമാണ്. ഇത് രാജ്യത്തെ് ഏറ്റവും കുറവാണ്..

കഴിഞ്ഞ വർഷം ജനുവരിയിൽ കൺട്രോൾ റൂം തുറന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാർ റൂം ആരംഭിച്ചു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ കോർ കമ്മിറ്റി, ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ക്രൈസിസ് മാനേറ്മെന്റ് ഗ്രൂപ്പ്,ആരോഗ്യസെക്രട്ടറി അദ്ധ്യക്ഷനായ ആക്ഷൻ ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ, റവന്യു,പൊലീസ് വകുപ്പുകളെ പങ്കെടുപ്പിച്ചാണ് സംവിധാനമൊരുക്കിയത്.പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് 1200 പ്രൊഫഷണലുകളുടെ സഹായത്തോടെ ദിശ ഹെൽപ് ലൈനും, ജില്ലാ മാനസികാരോഗ്യ പ്രോജക്ട് ടീമുകളും പ്രവർത്തിച്ചു. അതിഥി തൊഴിലാളികളെ നാട്ടിലെത്തിച്ചു. കുടുംബശ്രീയുമായി ചേർന്ന് 4000 കോടിയുടെ പാക്കേജുകൾ ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിൽ കുടുംബശ്രീ അയൽകൂട്ട സംഘങ്ങൾക്ക് 2000 കോടിയുടെ സഹായം നൽകുന്നു.

റേഷൻ കാർഡുള്ള 84 ലക്ഷം കുടുംബങ്ങൾക്ക് അവശ്യസാധന കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. 300 കോടിയുടെ സൗജന്യ റേഷനും നൽകി .ക്ഷേമനിധി ബോർഡുകളിലൂടെ തൊഴിലാളികൾക്ക് ആയിരം രൂപസഹായം നൽകി. പ്രതിസന്ധി മറികടക്കാൻ 20000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ സമയത്ത് വിശന്നിരിക്കുന്ന ഒരാൾ പോലും ഉണ്ടാകരുതെന്ന വാഗ്ദാനം നിറവേറ്റനായി. എല്ലാ സർക്കാർ ആശുപത്രികളിലും കൊവിഡ് സൗജന്യചികിത്സ നൽകുന്നുവെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞു.