udf

തിരുവനന്തപുരം: ഡോളർ കടത്തു കേസുമായി ബന്ധപ്പെടുത്തി സ്പീക്കർക്കെതിരെ പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർക്കു മുന്നിലും രോഷപ്രകടനം കടുപ്പിച്ചതോടെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം പ്രക്ഷുബ്ധമായി.

'ഡോളർ കടത്തു കേസിൽ സംശയനിഴലിലായ സ്പീക്കർ രാജിവച്ച് നിയമസഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക' എന്നെഴുതിയ നെടുനീളൻ ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ മുദ്രാവാക്യം ഉയർന്നു.

8.55ന് എത്തിയ ഗവർണർ 9ന് നയപ്രഖ്യാപനം ആരംഭിച്ചതോടെ സർക്കാരിന്റെ രാജിക്കായി മുദ്രാവാക്യം മുഴക്കാൻ തുടങ്ങി. സംസാരിക്കാൻ എഴുന്നേറ്റ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മൈക്ക് ലഭിക്കാതിരുന്നതോടെ വി.ടി. ബൽറാമിന്റെ നേതൃത്വത്തിൽ അംഗങ്ങൾ നടുത്തളത്തിലേക്ക് ചാടിയിറങ്ങി. ബാനർ സ്പീക്കറുടെ പോഡിയത്തിന് നേരേ ഉയർത്തി മുദ്രാവാക്യം മുഴക്കി. പ്രസംഗം തുടരാൻ കഴിയാതെ വന്ന ഗവർണർ ഭരണഘടനാ ബാദ്ധ്യത നിറവേറ്റാൻ അനുവദിക്കണമെന്ന് ശബ്ദമുയർത്തി ആവശ്യപ്പെട്ടു. മുദ്രാവാക്യം ആവശ്യത്തിനായിക്കഴിഞ്ഞല്ലോയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചിട്ടും പ്രതിഷേധം ശമിച്ചില്ല. ഭരണഘടനാ ബാദ്ധ്യത നിറവേറ്റാൻ അനുവദിക്കണമെന്ന് ഗവർണർ ആവർത്തിച്ചുകൊണ്ടിരുന്നു.പത്ത് മിനിറ്റ് പിന്നിട്ടതോടെ മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ഗവർണറുടെ പ്രസംഗം രണ്ട് മണിക്കൂറും 11 മിനിറ്റും നീണ്ടു. മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് ഗവർണറെ യാത്രയാക്കുമ്പോഴും സഭാ കവാടത്തിലിരുന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.

പി.സി. ജോർജും സഭ ബഹിഷ്ക്കരിച്ചെങ്കിലും ബി.ജെ.പി അംഗം ഒ. രാജഗോപാൽ സഭയിൽ ഇരുന്നു. സ്പീക്കർ കേരളത്തെ അപമാനിച്ചെന്ന് പുറത്ത് പ്രതിപക്ഷനേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.