asss

തിരുവനന്തപുരം:തലസ്ഥാന നഗരിയിലെ ചുവരുകൾക്ക് സൗന്ദര്യം പകരാൻ ടൂറിസം വകുപ്പുമായി സഹകരിച്ച് 2015 ൽ തലസ്ഥാനത്ത് നടപ്പാക്കിയ ആർട്ടീരിയയുടെ മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എൽ.എം.എസ് ജംഗ്‌ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. വി.കെ.പ്രശാന്ത് എം.എൽ.എ, നവീകരണ കമ്മിറ്റി അംഗം ബിജു പ്രഭാകർ, ക്യുറേറ്റർ ജി.അജിത്കുമാർ എന്നിവർ പങ്കെടുത്തു. തലസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളുടെ മതിലുകളിലും ചുവരുകളിലും പോസ്റ്റർ പതിച്ച് വൃത്തിഹീനമായതിനെ തുടർന്ന് കളക്ടറായിരുന്ന ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ ചുവരുകളിൽ ചിത്രം വരച്ച് മനോഹരമാക്കുന്നതിനായി നടപ്പാക്കിയതാണ് ആർട്ടീരിയ പദ്ധതി.


ആർട്ടീരിയ: തലസ്ഥാനത്തിന്റെ കുലീന മുഖം

ടൂറിസം വകുപ്പുമായി ചേർന്ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, മസ്കറ്റ് ഹോട്ടൽ,ടൂറിസം ഡയറക്ടറേറ്റ്,കോർപ്പറേഷൻ, മ്യൂസിയം എന്നിവയുടെ പുറംചുവരുകളിലും മതിലുകളിലും 25 കലാകാരന്മാരുടെ നേതൃത്വത്തിൽ 2015 ലും 2016 ലും രണ്ടു ഘട്ടങ്ങളിലായി ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയ പദ്ധതിയാണ് ആർട്ടീരിയ. ചിത്രം വരച്ചശേഷം മൂന്ന് വർഷത്തിന് ശേഷം വീണ്ടും വരയ്‌ക്കേണ്ടിവരുമെന്ന് കരുതിയിരുന്നെങ്കിലും പായൽ പിടിച്ച് കേടുവരാതെ അഞ്ചു വർഷം വരെ നിലനിന്നു. ഈ സാഹചര്യത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് സമർപ്പിച്ച പദ്ധതി നിർദ്ദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയായിരുന്നു.