തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമായി മാറിയ കേന്ദ്ര അന്വേഷണ ഏജൻസികൾ സമാന്തര ഭരണം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരള സർക്കാരിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ഇവർ സ്വയം കഥ മെനയുന്നു, അത് ചോർത്തികൊടുക്കുന്നു. കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ വിരുദ്ധരായി മാറി. ഈ വിഷയം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരും. തെറ്റായ പ്രചാരണം ജനങ്ങളെ അണിനിരത്തി ചെറുക്കും. കേന്ദ്ര സഹമന്ത്രി വി.മുരളീധരനിൽ നിന്ന് അന്വേഷണ ഏജൻസികൾ വിശദാംശങ്ങൾ തേടാത്തതെന്തുകൊണ്ടാണെന്നും വിജയരാഘവൻ ചോദിച്ചു.
എൻ.സി.പി പ്രധാന ഘടകക്ഷി
കേരളത്തിലെ എൻ.സി.പി നേതൃത്വം എൽ.ഡി.എഫുമായി നല്ല സൗഹൃദത്തിലാണ്. എൽ.ഡി.എഫിലെ പ്രധാനഘടകക്ഷിയാണ്. ഒരുഘട്ടത്തിലും ഇളക്കം തട്ടിയ അനുഭവമില്ല. എൻ.സി.പി അധികമായിട്ടൊന്നും പറഞ്ഞിട്ടില്ല. ഒരു പാർട്ടിയുടെ സംസ്ഥാന നേതൃത്വം ആ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ കാണുന്നത് സ്വാഭാവികമാണ്.
പിണറായിക്ക് ജനസമ്മതി
പിണറായിയുടെ ജനപിന്തുണ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തകരില്ല. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് പലരും അപവാദപ്രചാരണങ്ങൾ നടത്തിയിട്ടുണ്ട്. അതൊന്നും തിരഞ്ഞെടുപ്പിൽ ഏശിയില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുമായി ആശയവിനിമയം നടത്താൻ ഈ മാസം അവസാനം ഒരാഴ്ച മുതിർന്ന പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ഭവന സന്ദർശനങ്ങൾ നടത്തും. എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടെങ്കിൽ തിരുത്തും.
സക്കീർ ഹുസൈൻ പ്രശ്നം
സി.പി.എം പ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട കാര്യങ്ങൾ പാലിക്കാത്തതുകൊണ്ടാണ് സക്കീർ ഹുസൈനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ആറ് മാസം കഴിഞ്ഞാൽ സ്വാഭാവിക നടപടി എന്ന നിലയിലാണ് തിരിച്ചെടുത്തത്.