വിതുര: ഒരിടവേളക്ക് ശേഷം വീണ്ടും മലയാരമേഖലയിൽ വ്യാജവാറ്റ് സജീവം. ആദിവാസി സമൂഹത്തെ ചൂഷണം നടത്തിയാണ് വനമേഖലകളിൽ നാടൻചാരായ നിർമ്മാണം നടക്കുന്നത്. വനമേഖലയിൽ തമ്പടിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ചാരായം നിർമ്മിച്ച് പുറത്തേക്ക് കടത്തുകയാണ്. പൊൻമുടി, ബോണക്കാട്, മലയടിവാരം വ്യാജവാറ്റു ലോബിയുടെ പിടിയിലമർന്നിട്ട് മാസങ്ങളായി. ചാരായം വാറ്റി കന്നാസുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയാണ്.
എക്സൈസും പൊലീസും റെയ്ഡുകൾ നടത്തി ഇടയ്ക്കിടെ ചിലരെ പിടികൂടാറുണ്ടെങ്കിലും വ്യാജവാറ്റുകാർ കളത്തിൽ സജീവമാണ്. ചെറുമീനുകളാണ് മിക്കപ്പോഴും റെയ്ഡിൽ പെടുന്നത്.
മലയോരമേഖലയിൽ അനവധി ബിവറേജസ് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാറ്റു ചാരായത്തിന് ഇപ്പോഴും വൻ ഡിമാൻഡാണ്. ഈ ഡിമാൻഡാണ് വിപണി കൊഴുപ്പിക്കുന്നത്.
നാടൻ ചാരായവുമായി ബൈക്കുകളിൽ അമിത വേഗതയിലാണ് യുവ സംഘങ്ങൾ പായുന്നത്. കുറച്ച് സമയം കൊണ്ട് കൂടുതൽ വരുമാനം ലഭിക്കുന്നതിനാൽ യുവാക്കൾ എളുപ്പത്തിൽ മദ്യമാഫിയയുടെ കെണിയിൽ വീഴും. ബിസിനസ് കൊഴുപ്പിക്കുന്നതിനായി സ്ത്രീകളെ വരെ കളത്തിലിറക്കിയിട്ടുണ്ടെന്നാണ് അരമന രഹസ്യം. നാടൻ ചാരായത്തിന് പുറമേ ഇക്കൂട്ടർ കഞ്ചാവും വില്പന നടത്തുന്നുണ്ട്.