കുളത്തൂർ: ആറ്റിപ്ര നിവാസികളുടെ പുണ്യതീർത്ഥക്കുളമായിരുന്ന തൃപ്പാദപുരം മഹാദേവ ക്ഷേത്രത്തിലെ വലിയകുളം അതിജീവനത്തിനായി കേഴുന്നു. നവീകരണമില്ലാതെയായ കുളത്തിൽ ചെളിയും പുല്ലുകളും നിറഞ്ഞ അവസ്ഥയിലാണ്. പണ്ടുകാലത്ത് നിർമ്മിച്ച പാർശ്വഭിത്തികളും പടവുകളും തകർന്നിട്ട് വർഷങ്ങളായി. 1983ലും 2001ലും നാട്ടുകാരുടെ കൂട്ടായ്മയിൽ കുളം വൃത്തിയാക്കിയതല്ലാതെ കാര്യമായ പരോഗതി ഉണ്ടായില്ല. നാലുവർഷം മുമ്പ് 1.80 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല. ചെറിയകുളത്തിന്റെയും അവസ്ഥ ഇതുതന്നെ. ക്ഷേത്രക്കുളങ്ങളാണെങ്കിലും പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിച്ചിരുന്നത് ഇവയായിരുന്നു. ശിവക്ഷേത്രത്തിലെ ആറാട്ട് നടന്നിരുന്നത് വലിയകുളത്തിലായിരുന്നു. രാജഭരണകാലത്ത് ഇവിടെ ആറാട്ടുകടവും കിണറും പണികഴിപ്പിച്ചിരുന്നു. 1979ൽ പരികർമ്മിയായ പത്മനാഭസ്വാമിയുടെ നേതൃത്വത്തിൽ കിണർ കുഴിക്കുന്നതുവരെ ക്ഷേത്രത്തിലേക്ക് ആവശ്യമായ വെള്ളമെടുത്തിരുന്നതും വലിയ കുളത്തിൽ നിന്നു തന്നെ. വലിയകുളത്തിന് നേരത്തെ ഒരു ഏക്കറിൽ കൂടുതൽ വിസ്തൃതിയുണ്ടായിരുന്നെങ്കിലും ഇന്ന് അതല്ല അവസ്ഥ. 80 സെന്റ് ഉണ്ടായിരുന്ന ചെറിയകുളവും ഇപ്പോൾ 55 സെന്റായി ചുരുങ്ങി.
ചരിത്രം
തൃപ്പാപ്പൂർ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി റോഡിന് ഇരുവശത്തുമായി രണ്ട് കുളങ്ങളാണുള്ളത്. ക്ഷേത്രത്തിനോട് ചേർന്ന് ധർമ്മകുളവും (വലിയകുളം ) റോഡിന് അപ്പുറത്തായി അധർമ്മക്കുളവും (ചെറിയ കുളം). ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ ആദ്യം അധർമ്മകുളത്തിലും പിന്നീട് ധർമ്മക്കുളത്തിലും കുളിച്ച ശേഷമേ ക്ഷേത്ര ദർശനം നടത്താവൂ എന്നതാണ് ഐതിഹ്യം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ക്ഷേത്രമായിരുന്ന തൃപ്പാപ്പൂർ ക്ഷേത്രം 1950ലാണ് ദേവസ്വം ബോർഡിന് കൈമാറുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ 'കൂടിആറാട്ടിൽ' ഉൾപ്പെട്ട ഈ ക്ഷേത്രക്കുളത്തെ പിന്നീട് അധികൃതർ അവഗണിക്കുകയായിരുന്നു.
"ചരിത്ര പ്രാധാന്യമുള്ള തൃപ്പാദപുരം കുളം നവീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. വിശ്വാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടായില്ല. കുളം നവീകരണത്തിന് സമരം ചെയ്യേണ്ട അവസ്ഥയിലാണ് നാട്ടുകാർ."
മോഹനകുമാരൻ നായർ, ക്ഷേത്ര ഉപദേശക സമിതി മുൻ പ്രസിഡന്റ്