medical-insurance

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി 'അനാമയം" സമഗ്ര ഇൻഷ്വറൻസ് പ്രോഗ്രാം എന്ന പേരിൽ പുതിയ സമ്പൂർണ ആരോഗ്യഇൻഷ്വറൻസ് നടപ്പാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു. വ്യവസ്ഥകളില്ലാതെ എല്ലാ ഭിന്നശേഷിക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ഉൾപ്പെടുത്തിയും ഫാർമസിയും ലാബും നിർമ്മിച്ചും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്ന പദ്ധതി ഇൗ വർഷം പൂർത്തിയാക്കും. കോന്നി, കാസർകോട്, വയനാട്, ഇടുക്കി മെഡിക്കൽ കോളേജുകൾ ഉടൻ പൂർത്തിയാക്കും. ആയുർവേദ മേഖലയിൽ കണ്ണൂരിലെ അന്താരാഷ്ട്ര ഗവേഷണ സ്ഥാപന നിർമ്മാണം വേഗത്തിലാക്കും. പൂജപ്പുരയിൽ പാരാസർജിക്കൽ നേത്ര ചികിത്സാ ഇൻസ്റ്റിറ്റ്യൂട്ടും വയോജന പരിപാലനകേന്ദ്രവും തൃപ്പൂണിത്തുറ ഗവ.ആയുർവേദകോളേജിൽ പുതിയ അക്കാഡമിക് ബ്ളോക്കും നിർമ്മിക്കും. ഇ.എസ്.ഐ ആശുപത്രികളിൽ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കും. ഇന്റഗ്രേറ്റഡ് ഡ്രഗ് സ്റ്റോർ മാനേജ്മെന്റ് സിസ്റ്റം മുഖേന മരുന്ന് വിതരണം നിയന്ത്രിക്കാൻ സംവിധാനമൊരുക്കും.