കുറ്റിച്ചൽ: അരുവിക്കര നിയോജകമണ്ഡലത്തിൽ നിർമ്മാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ കുറ്റിച്ചലിൽ യോഗം ചേർന്നു. ആര്യനാട് - കുറ്റിച്ചൽ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേ നിർമ്മാണത്തിൽ കുറ്റിച്ചൽ ജംഗ്ഷൻ നവീകരണം പൂർത്തിയാക്കേണ്ടതുണ്ട്. ജംഗ്ഷൻ നവീകരണം ഭംഗിയായി പൂർത്തിയാക്കാനും ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സത്വര നടപടിയെടുക്കാനും യോഗം തീരുമാനമെടുത്തു. റോഡ് നിർമ്മാണത്തോടൊപ്പം തന്നെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികളും ചെയ്യണമെന്നും ഇക്കാര്യത്തിൽ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്നും എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജി. മണികണ്ഠൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അൻവർ, മലവിള രാജേന്ദ്രൻ, ശ്രീദേവി സുരേഷ്, രമണി, എലിസബത്ത്, പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സജിത്ത്, വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കിഷൻ ചന്ദ്, വ്യാപാരി വ്യവസായ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.