തിരുവനന്തപുരം: സ്പീക്കർ ഡോളർ കടത്തിലും , സ്വർണ്ണക്കള്ളക്കടത്തിലും പ്രതിക്കൂട്ടിൽ നിൽക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമാണെന്ന് ,ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ച ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് പറ്റിയ സ്പീക്കറാണ് ഇവിടെയുള്ളത്. ഒരു ഭാഗത്ത് സർക്കാർ അഴിമതി നടത്തുന്നു. മറുഭാഗത്ത് ,നിയമസഭയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുന്നു. അഞ്ച് വർഷമായി കേരള ജനതയെ പറ്റിക്കുന്ന, അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിന്റെ നയപ്രഖ്യാപനമാണിത്. വാരിക്കോരി നൽകിയ വാഗ്ദാനങ്ങളിലൊന്നും പാലിച്ചില്ല. ഡോളർ കള്ളക്കടത്തിൽ ഭരണഘടനാ സ്ഥാപനത്തിലിരിക്കുന്ന വ്യക്തിക്ക് പങ്കുണ്ടെന്ന് കോടതി പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി. ആരാണാ വ്യക്തിയെന്ന് ഇന്നെല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കുന്നു. . ചട്ടങ്ങളും നിയമങ്ങളും പറഞ്ഞ് അന്വേഷണം അട്ടിമറിക്കാൻ സ്പീക്കർ ശ്രമിക്കുന്നു. അതേ നിലപാടാണ് മുഖ്യമന്ത്രിക്കും.
ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ താൻ ബാധ്യസ്ഥനാണെന്ന് ഭംഗ്യന്തരേണ പറഞ്ഞ ഗവർണർ, സർക്കാരിനെ ന്യായീകരിച്ചില്ലെന്നതാണ് വസ്തുത. ഗവർണറോട് ഞങ്ങൾക്കും പറയാനുള്ളത് അതാണ്. കേരളത്തിലെ ജനങ്ങളുടെ അഭിലാഷങ്ങളും, പ്രതീക്ഷകളും ഇല്ലാതാക്കിയ സർക്കാരിനെതിരായ ജനവികാരം നിയമസഭയിൽ പ്രകടിപ്പിക്കുക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്-ചെന്നിത്തല പറഞ്ഞു.