കഴക്കൂട്ടം: തിരുവനന്തപുരം നഗരസഭയുടെ പുതിയ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ ഇലക്ട്രിക് ഓട്ടോ ഡ്രൈവിംഗ് ഓട്ടോ ഡ്രൈവേഴ്‌സിന് ആവേശമായി. മാജിക് അക്കാഡമിയുടെയും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെയും നേതൃത്വത്തിൽ മാജിക് പ്ലാനറ്റിൽ നടത്തിയ കേരള നീം ജി ഓട്ടോ എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങിലാണ് കാണികളെ ആവേശത്തിലാഴ്ത്തിയ രംഗങ്ങൾ അരങ്ങേറിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങളോ, അന്തരീക്ഷ മലിനീകരണമോ ഇല്ലാതെ തികച്ചും സാമൂഹ്യ പ്രതിബദ്ധമായ രീതിയിൽ നിർമിച്ചിരിക്കുന്ന കേരള നീം ജി ഓട്ടോയുടെ പ്രചാരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് നടന്ന ഓട്ടോ ഡ്രൈവേഴ്‌സ് കുടുംബ സംഗമവും പി.കെ. രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എ.എൽ എം.ഡി എ. ഷാജഹാൻ, മാജിക് അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, മാനേജർ ജിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായാണ് എക്‌സ്‌പോ നടന്നത്. നൂറിലധികം ഓട്ടോ ഡ്രൈവേഴ്‌സും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. സൗജന്യമായാണ് ഇവരെ മാജിക് പ്ലാനറ്റിൽ പ്രവേശിപ്പിച്ചത്.