തൃപ്രയാർ: വഴക്കു കേട്ട് അന്വേഷിക്കാനെത്തിയ അയൽവാസിയെ കുത്തിക്കൊന്നു. ഏങ്ങണ്ടിയൂർ ആശാൻ റോഡ് വലാപുരയ്ക്കൽ അപ്പുവിന്റെ മകൻ ജോഷിയാണ് (51) കൊല്ലപ്പെട്ടത്. വലപ്പാട് കോതകുളം പടിഞ്ഞാറ് ഇല്ലിക്കുഴി പള്ളിത്തറ കോളനിയിൽ വ്യാഴാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഒളിവിൽ പോയ പുതുവീട്ടിൽ സനത് എന്നയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.ജോഷി സുഖമില്ലാതിരിക്കുന്ന ഭാര്യയുടെ വിവരം അറിയാനായി വലപ്പാടുള്ള അവരുടെ വീട്ടിലെത്തിയതായിരുന്നു. ഈ സമയം സനതിന്റെ വീട്ടിൽ വഴക്കു കേട്ട് അന്വേഷിക്കാൻ പോയി. കാര്യം തിരക്കിയ ജോഷിയെ സനത് കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി കഞ്ചാവ് ഉൾപ്പെടെ ലഹരിക്ക് അടിമയാണെന്നും നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ പ്രതി പൊലീസിന്റെ വലയിലായതായും വിവരമുണ്ട്. മരണപ്പെട്ട ജോഷിയുടെ ഭാര്യ ബിന്ദു, മക്കൾ: ഹരി, ഹരിത.