thomas-isaac

തിരുവനന്തപുരം:കിഫ്ബിക്കെതിരായ പരാമർശങ്ങളടങ്ങിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട് നിയമസഭയിൽ വയ്‌ക്കും മുമ്പ് മാദ്ധ്യമങ്ങൾക്ക് ചോർത്തിയെന്ന വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന പ്രശ്‌നം പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി അംഗീകരിച്ചേക്കില്ല. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്ക് എത്തിക്സ് കമ്മിറ്റി മുമ്പാകെ ഹാജരാകേണ്ടി വന്നത്.

പാർലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റി ചെയർമാനായിരിക്കെ പി.ജെ. കുര്യൻ നടത്തിയ റൂളിംഗ് എ. പ്രദീപ്കുമാർ അദ്ധ്യക്ഷനായ നിയമസഭാ പ്രിവിലേജസ് കമ്മിറ്റി മുഖവിലയ്ക്കെടുത്ത് അവകാശലംഘനമുണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്കു നീങ്ങമെന്നാണ് സൂചന.

കൽക്കരിപ്പാടം ലേലം ആരോപണത്തിൽ സി.എ.ജി റിപ്പോർട്ട് പാർലമെന്റിൽ വയ്‌ക്കും മുമ്പ് ചോർന്നതു സംബന്ധിച്ച അവകാശലംഘന നോട്ടീസിൽ, പാർലമെന്റിൽ അവതരിപ്പിച്ചാലേ റിപ്പോർട്ട് പാർലമെന്റിന്റെ സ്വത്താവുന്നുള്ളൂ എന്നായിരുന്നു കുര്യൻ സമിതിയുടെ റൂളിംഗ്. പാർലമെന്റിന്റെ അധീനതയിൽ അല്ലാത്തതിനാൽ അവകാശലംഘന പ്രശ്നവും ഉയരുന്നില്ല.

ഐസക്കിനെതിരെ കോൺഗ്രസ് അംഗം വി.ഡി. സതീശനാണ് നോട്ടീസ് നൽകിയത്. കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായതിനാൽ, പാർലമെന്റിലേതടക്കം കീഴ്‌വഴക്കങ്ങൾ പരിശോധിക്കണമെന്ന നിഗമനത്തിലാണ് ഇന്നലെ ചേർന്ന സഭാസമിതി എത്തിയത്. 13 ന് സമിതി അന്തിമ തീരുമാനമെടുക്കും. ഈ സഭാസമ്മേളനത്തിൽത്തന്നെ റിപ്പോർട്ട് നൽകാനാണ് നീക്കം.

വി.ഡി. സതീശന്റെ പരാതി മന്ത്രിയുടെ വിശദീകരണം കേട്ട ശേഷം സ്പീക്കർ സഭാസമിതിക്ക് വിടുകയായിരുന്നു. സമിതി സതീശനെയും തോമസ് ഐസക്കിനെയും വിസ്തരിച്ചു.

ശാസനാ പ്രമേയത്തിൽ ഒതുങ്ങിയേക്കും

പി.ജെ.കുര്യൻ സമിതിയുടെ റൂളിംഗിൽ, പാർലമെന്റിന്റെ അവകാശലംഘനമാകില്ലെങ്കിലും റിപ്പോർട്ട് ചോർത്തിയത് ഭരണഘടനാ ലംഘനമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. അതിന് ബന്ധപ്പെട്ട കേന്ദ്രമന്ത്രിക്കെതിരെ ശാസനാപ്രമേയം പാർലമെന്റിൽ കൊണ്ടുവരാമെന്നാണ് നിർദ്ദേശിച്ചത്. ഇവിടെയും സഭാസമിതി അത്തരം നിർദ്ദേശം നൽകാനാണ് സാദ്ധ്യത. സി.എ.ജി റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്ന് ഭരണഘടനയുടെ 151ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. അതിനു മുമ്പ് അതിലെ വിവരങ്ങൾ പുറത്തുവിട്ടത് കീഴ്‌വഴക്കങ്ങളുടെയും ഭരണഘടനയുടെയും ലംഘനമാണെന്നാണ് പി.ജെ. കുര്യന്റെ നിലപാട്.

സതീശൻ വാദിച്ചത്

മന്ത്രിയുടേത് അവകാശലംഘനവും ഭരണഘടനാലംഘനവുമാണ്. നേരത്തേ ബഡ്ജറ്റ് ചോർത്തിയതിന് കെ. ബാലകൃഷ്ണനെതിരെ ഉണ്ടായ നടപടിയടക്കം സതീശൻ ചൂണ്ടിക്കാട്ടി.

ഐസക്കിന്റെ മറുപടി

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ സി.എ.ജിയിൽ നിന്നുണ്ടായപ്പോൾ സംസ്ഥാനതാത്പര്യം മുൻനിർത്തി പ്രതിരോധിച്ചു. അതിൽ അവകാശലംഘനമില്ല.