നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വെട്ടുവന്നിമഠത്തിൽ അഞ്ചുകോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് രണ്ടുപേരെ അറസ്റ്റുചെയ്‌തു. തുരുവിതാംകോട് സ്വദേശി ജയചന്ദ്രൻ (55), മോന്തൻവിള സ്വദേശി എഡ്വിൻ സുധാകർ (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നാഗർകോവിൽ കോട്ടാർ സ്വദേശി വസന്തകുമാർ നാഗർകോവിൽ സാമ്പത്തിക കുറ്റാന്വേഷണ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജയചന്ദ്രൻ, എഡ്വിൻ സുധാകർ, രമേശ്‌ എന്നിവർ ചേർന്ന് ആരംഭിച്ച സ്വകാര്യ പണം നിക്ഷേപ സ്ഥാപനത്തിലൂടെ അഞ്ചുകോടി രൂപ തട്ടിപ്പ് നടത്തിയെന്ന് ഡി.എസ്.പി മുത്തുപാണ്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.