തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ കുത്തിവയ്പിനുള്ള രണ്ടാംഘട്ട ഡ്രൈ റൺ ജില്ലയിൽ വിജയകരമായി പൂർത്തിയാക്കി. പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, ഗവ. എൽ.പി.എസ്. കളത്തുകാൽ (അരുവിക്കര കുടുംബാരോഗ്യ കേന്ദ്രം), നിംസ് മെഡിസിറ്റി എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്. പങ്കെടുത്ത ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു. ആരോഗ്യവകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റൺ നടത്തിയത്. വാക്‌സിൻ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സജ്ജമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. രാവിലെ 9 മുതൽ 11 വരെ നടന്ന നടപടിക്രമങ്ങളിൽ ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവർത്തകർ വീതം പങ്കെടുത്തു. വാക്‌സിനേഷനായി ഇതുവരെ 51,107 പേരാണ് രജിസ്റ്റർ ചെയ്‌തത്. ആദ്യ ഘട്ടത്തിലെ രജിസ്ട്രേഷനിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകരെയും ആശാവർക്കർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.